ആദിശേഖർ വധക്കേസ്; പ്രതി പ്രിയരഞ്ജന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആദി ശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന് തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവ് സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷാവിധിക്കെതിരെ പ്രതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

ശിക്ഷാവിധിയിൽ പരിശോധിക്കേണ്ട വിഷയങ്ങളുണ്ടെന്ന നിരീക്ഷണത്തോടെയാണ് സുപ്രീം കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. വിചാരണക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ നിലവിൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.

2023 ഓഗസ്റ്റ് 30-നാണ് കാട്ടാക്കട പുളിങ്കോട് ക്ഷേത്രത്തിന് സമീപം ആദിശേഖർ കാറിടിച്ച് മരിച്ചത്. ക്ഷേത്രത്തിലെ സി.സി.ടി.വി.യിൽ പതിഞ്ഞ ദൃശ്യങ്ങൾ കേസിൽ നിർണായക തെളിവായിരുന്നു. കുട്ടിയുടെ നിഷ്കളങ്കമായ ഒരു ചോദ്യത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സൈക്കിളിൽ കയറാൻ ശ്രമിച്ച ആദിശേഖറിനെ പ്രതി ഓടിച്ച ഇലക്ട്രിക് കാർ ഇടിച്ചുതെറിപ്പിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നെന്നും ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അതേസമയം, ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ അപകടമുണ്ടായതാണെന്നും പുതിയ ഇലക്ട്രിക് കാർ ആയതിനാൽ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നുമാണ് പ്രിയരഞ്ജൻ ജാമ്യഹർജിയിൽ കോടതിയെ അറിയിച്ചത്. സംഭവശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ കന്യാകുമാരിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button