നേപ്പാളിൽ ഹെലികോപ്റ്റർ ലാൻഡിംഗിനിടെ അപകടം; കൂട്ടിയിടിയിൽ ഇന്ത്യൻ പൗരന് ദാരുണാന്ത്യം, നടുക്കുന്ന വീഡിയോ വൈറൽ

കാഠ്മണ്ഡു: നേപ്പാളിലെ എവറസ്റ്റിന് സമീപം ഫെറിഷെയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു ഇന്ത്യൻ പൗരൻ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റെന്നും നേപ്പാൾ പൊലീസ് അറിയിച്ചു. ഫിഷ്ടെയിൽ എയറിന്റെയും എയർ ഡയനാസ്റ്റിയുടെയും ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടത്. സോലുഖുംബു ജില്ലയിലെ ഫെറിഷെ ഹെലിപാഡിൽ മഞ്ഞുമൂടിയ സ്ഥലത്ത് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഹെല്കോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ചത്.
ഫിഷ്ടെയിൽ എയർ ഹെലികോപ്റ്ററിൽ സഞ്ചരിച്ചിരുന്ന ഒരു ഇന്ത്യൻ യാത്രക്കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. എയർ എയർ ഡയനാസ്റ്റി ഹെലികോപ്റ്ററിന്റെ പൈലറ്റടക്കം മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വസന്ത് കുമാർ ബലരാമരാമഡു എന്നാണ് മരിച്ച ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞതെന്ന് സോളുഖുംബു പൊലീസ് മേധാവി മൗസം തമാങ്ങിനെ ഉദ്ധരിച്ച് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതേ ഹെലികോപ്റ്റിൽ ഉണ്ടായിരുന്ന ഇന്ത്യൻ വംശജനായ ന്യൂസിലൻഡ് പൗരൻ ശൈലേഷ് കൃഷ്ണ പട്ടേലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ മറ്റൊരു ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലെ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെലികോപ്റ്റർ കൂട്ടിമുട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.



