രജതജൂബിലി നിറവിൽ ഡിസ്റ്റ്; സ്വയംഭരണ പദവി ഔദ്യോഗികമായി പ്രഖ്യാപിച്ചു!

അങ്കമാലി: ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഓട്ടോണമസ്) യുടെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. മന്ത്രി സണ്ണി ജോസഫ് ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തിരിതെളിച്ചു. കോളേജിൽ സ്ഥാപിച്ച 150 കെ.വി. സോളാർ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ഈ വർഷം കോളേജിന് ലഭിച്ച സ്വയംഭരണ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂത്ത് നിർവഹിച്ചു. യു.ജി.സി. വൈസ് ചാൻസലറുടെ സാന്നിധ്യത്തിൽ ഈ അദ്ധ്യയനവർഷത്തെ കോളേജ് യൂണിയൻ ഭാരവാഹികൾ സ്ഥാനമേറ്റു.രജതജൂബിലിയുടെ ഭാഗമായി നിരവധി വികസന-സാമൂഹികക്ഷേമ പദ്ധതികളാണ് കോളേജ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പന്ത്രണ്ടാമത് ‘സഹപാഠിക്കൊരു വീട്’ പദ്ധതിയുടെ ഉദ്ഘാടനം അങ്കമാലി നഗരസഭാ ചെയർപേഴ്സൺ റീത്ത പോൾ നിർവഹിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹനായ വിദ്യാർത്ഥിക്ക് വീട് നിർമിച്ചുനൽകുന്നതാണ് പദ്ധതി. പുതുതായി നിർമിക്കുന്ന പുരുഷ ഹോസ്റ്റലിന്റെ ഉദ്ഘാടനം മേരിമാതാ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. അലക്സ് ചാലങ്ങാടി വി.സി. നിർവഹിച്ചു.സ്ഥാപനത്തിൽ സേവനം പൂർത്തിയാക്കിയ മുൻ മാനേജർമാർ, പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, ഫിനാൻസ് ഡയറക്ടർമാർ എന്നിവരെ ആദരിച്ചു.
25 വർഷത്തെ സേവനം പൂർത്തിയാക്കിയ അധ്യാപകരെയും അനധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.വിൻസെൻഷ്യൻ സഭാ സുപ്പീരിയർ ജനറൽ ഡോ. പോൾ പുതുവ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഫാ. ജോണി ചാക്കോ മംഗലത്ത്, മാനേജർ ഡോ. ഫാ. റോബിൻ ചിറ്റുപറമ്പിൽ , വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് തടത്തിൽ , ഫാ. മാത്യു മാലിയേക്കൽ , ഫിനാൻസ് ഡയറക്ടർ ഫാ. ക്രിസ്റ്റീൻ പുത്തൻപുരയിൽ എന്നിവർ പങ്കെടുത്തു.



