ഇരുപത് വർഷത്തിന് ശേഷം അബ്ദുൽ റഹീം നാട്ടിൽ; കരിപ്പൂരിൽ കണ്ണീരോടെയുള്ള സ്വീകരണം

മലപ്പുറം: നീണ്ട ഇരുപത് വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ഒടുവിൽ നാട്ടിലെത്തി. റിയാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ റഹീം ഇന്ന് രാവിലെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. അദ്ദേഹത്തോടൊപ്പം പവർ ഓഫ് അറ്റോണിയായ സിദ്ധീഖ് തുവൂരും നാട്ടിലെത്തി.

ജയിൽ അധികൃതർ നേരിട്ടെത്തിയാണ് അബ്ദുൽ റഹീമിനെ വിമാനത്താവളത്തിലെത്തിക്കുകയും യാത്രയ്ക്കുള്ള എല്ലാ എമിഗ്രേഷൻ നടപടികളും പൂർത്തിയാക്കുകയും ചെയ്തത്. കരിപ്പൂരിൽ റഹീമിനെ സ്വീകരിക്കാൻ ബന്ധുക്കളും നാട്ടുകാരും വലിയ തോതിൽ എത്തിയിരുന്നു. വികാരനിർഭരമായ നിമിഷങ്ങൾക്കാണ് വിമാനത്താവളം സാക്ഷിയായത്.

2006-ൽ സൗദി അറേബ്യയിൽ ഒരു ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുൽ റഹീം അറസ്റ്റിലായത്. തുടർന്ന് കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

ദിയാധനമായി 34 കോടി രൂപ സമാഹരിച്ച് നൽകാനായതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. ഇതിനെ തുടർന്ന് 2024 ജൂലൈയിൽ വധശിക്ഷ റദ്ദാക്കുകയും മോചനത്തിന് വഴി തെളിയുകയും ചെയ്തു. ദീർഘകാല നിയമ പോരാട്ടങ്ങൾക്കും ജനകീയ ഇടപെടലുകൾക്കുമൊടുവിലാണ് അബ്ദുൽ റഹീം സ്വന്തം നാടിന്റെ മണ്ണിലേക്ക് തിരിച്ചെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button