ഓണത്തിന് ആശ്വാസപ്പെരുമഴ; പൊലീസുകാർക്ക് അലവൻസ് ഇരട്ടി, ക്ഷേമ പെൻഷന് 1105 കോടി

തിരുവനന്തപുരം: ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് സർക്കാർ ഇരട്ടിയാക്കി. നിലവിലുണ്ടായിരുന്ന 500 രൂപയിൽ നിന്ന് 1000 രൂപയായാണ് അലവൻസ് വർധിപ്പിച്ചത്.
ഓണത്തിന് മുന്നോടിയായി വിവിധ വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി സർക്കാർ നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയത്. ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഈ മാസം 19 മുതൽ വിതരണം ആരംഭിക്കുന്നതിനായി 1105 കോടി രൂപ സർക്കാർ അനുവദിച്ചു.
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാൻസും ലഭിക്കും. ആശാ പ്രവർത്തകർക്കും അങ്കണവാടി പ്രവർത്തകർക്കും 1450 രൂപ വീതം പ്രത്യേക സഹായമായി നൽകും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ വീതം ഓണക്കാല ആശ്വാസധനവും ലഭിക്കും.
പിന്നാക്ക വിഭാഗങ്ങൾക്കുള്ള പെൻഷൻ കുടിശിക വിതരണം ചെയ്യാനും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കുടിശിക അനുവദിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പാചകത്തൊഴിലാളികൾക്ക് പുതുക്കിയ നിരക്കിലുള്ള തുക നൽകും.
അങ്കണവാടി ജീവനക്കാരുടെ കുടിശിക തീർക്കുന്നതിനായി 34 കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.



