സൗജന്യ യാത്രയോ സാഹസിക യാത്രയോ? ‘പ്രിയദർശിനി’ ബസിൽ ഭയം

കോഴിക്കോട്: കെ.എസ്.ആർ.ടി.സി ‘പ്രിയദർശിനി’യിൽ സാഹസികമാവുന്നു സൗജന്യ യാത്ര. സ്ത്രീ യാത്രക്കാരുടെ എണ്ണം കുത്തനെ കൂടിയതോടെ കുത്തിനിറച്ചാണ് പല ബസുകളുടെയും ഓട്ടം. പ്രായമായവരും കുട്ടികളും വിദ്യാർത്ഥികളും തിരക്കിൽ ശ്വാസം മുട്ടുകയാണ്. യാത്രക്കാരുടെ ഫുട്ട് ബോർഡിൽ തൂങ്ങിയുള്ള യാത്രയും പതിവ് കാഴ്ച. തിരക്കുമൂലം ബസിന്റെ വാതിലടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. വളവും തിരിവുമുള്ള റോഡുകളിലൂടെ പോവുമ്പോൾ ശ്വാസം അടക്കിപ്പിടിച്ചാണ് ഇപ്പോൾ യാത്രയെന്ന് പല സ്ഥിരം യാത്രക്കാരും പറയുന്നു. രാവിലേയും വെെകീട്ടുമാണ് ബസുകളുടെ ഈ അപകട യാത്ര.

സ്ഥിരം യാത്രക്കാർ പെരുവഴിയിൽ മോട്ടോർ വാഹന ചട്ടപ്രകാരം 51 സിറ്റിംഗും 25 ശതമാനം സ്റ്റാൻഡിംഗുമുൾപ്പെടെ പരമാവധി 64 പേർക്ക് യാത്രചെയ്യാവുന്നിടത്ത് 100 മുതൽ 120 വരെ ആളുകളുമായി ഓടുന്നത്. യാത്രക്കാരുടെ എണ്ണം കൂടിയതിന് അനുസരിച്ച് സൗകര്യങ്ങൾ ഒരുക്കാൻ കെ.എസ്.ആർ.ടി.സി ഇതുവരെ തയ്യാറായിട്ടില്ല. താമരശ്ശേരി, മുക്കം, തിരുവമ്പാടി, വയനാട്, ആനക്കാപൊയിൽ, കുറ്റ്യാടി, തൊട്ടിൽപ്പാലം റൂട്ടുകളിൽ കൂടുതലും കെ.എസ്.ആർ.ടി.സി ബസുകളെയാണ് ആളുകൾ ആശ്രയിക്കുന്നത്. സ്റ്റാൻഡിലേക്ക് പോകാതെ പലരും അതത് സ്റ്റോപ്പുകളിലാണ് ബസ് കാത്തുനിൽക്കുക.

എന്നാൽ തിങ്ങി നിറഞ്ഞുവരുന്ന ബസുകൾ പലപ്പോഴും ഇറങ്ങാൻ ആളില്ലെങ്കിൽ സ്റ്റോപ്പുകളിൽ നിറുത്താറില്ല. ഇതുകാരണം വഴിയിൽ നിന്നു കയറുന്ന സ്ഥിരം യാത്രക്കാരെയടക്കം കയറ്റാൻ കഴിയാറില്ല. ഇതോടെ മണിക്കൂറുകളോളം സ്ത്രീകളടക്കമുള്ളവർ പെരുവഴിയിലാകുന്നു. മലയോര മേഖലയായ വയലട, ആനക്കാംപൊയിൽ, ഭാഗങ്ങളിലേക്ക് ‘കുട്ടി ‘ ബസാണ് സർവീസ് നടത്തുന്നത്. അമിതഭാരം കാരണം ഈ സമയങ്ങളിൽ ബ്രേക്ക് കൃത്യമായി കിട്ടുന്നില്ലെന്ന് ഡ്രൈവർമാർ പറയുന്നു.

വേണം കൂടുതൽ സർവീസുകൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സർവീസുകൾ ആരംഭിക്കുകയോ തിരക്ക് നിയന്ത്രിക്കാൻ കൃത്യമായ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സൗജന്യയാത്ര ഏർപ്പെടുത്താത്ത സിറ്റി ഫാസ്റ്റ് സർവീസുകൾ ഏർപ്പെടുത്തണമെന്നും യാത്രക്കാർ പറയുന്നത്.സൂപ്പർ ഫാസ്റ്റ് ബസുകൾ ഇപ്പോഴും ഓടുന്നുണ്ടെങ്കിലും അത്തരം ബസുകൾക്ക് എല്ലായിടത്തും സ്റ്റോപ്പില്ല. അതിനാൽ ഒരു പ്രിയദർശിനി പോയാൽ തൊട്ടുപിറകിൽ (പ്രൈവറ്റ് ബസ് കുറവുള്ള റൂട്ടുകളിൽ നിർബന്ധമായും )സൗജന്യ യാത്രയില്ലാത്ത ഒരു കെ.എസ് .ആർ .ടി .സി ഓടിക്കണം എന്നാണ് യാത്രക്കാർ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button