റീലെടുക്കാൻ 60 അടി ഉയരമുള്ള വാട്ടർടാങ്കിൽ കയറി; ഗോവണി തകർന്നുവീണ് ഒരു കുട്ടിക്ക് ദാരുണാന്ത്യം

ലക്നൗ: ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിക്കാൻ വാട്ടർടാങ്കിന് മുകളിൽ കയറിയ കുട്ടികൾ അപകടത്തിൽപ്പെട്ട ദാരുണ സംഭവം ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗറിൽ. 60 അടി ഉയരമുള്ള വാട്ടർടാങ്കിൽ നിന്ന് ഗോവണി തകർന്ന് വീണ മൂന്ന് കുട്ടികളിൽ ഒരാൾ മരിച്ചു.

കാശിറാം ആവാസ് കോളനിയിലെ വാട്ടർടാങ്കിന് മുകളിലാണ് സംഭവം നടന്നത്. സിദ്ധാർത്ഥ് (13), ഗോലു (14), സണ്ണി (11) എന്നിവരാണ് ഗോവണി തകരാറിനെ തുടർന്ന് ഏകദേശം 50 അടി ഉയരത്തിൽ നിന്ന് താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിദ്ധാർത്ഥിന്റെ ജീവൻ രക്ഷിക്കാനായില്ല. മറ്റ് രണ്ട് കുട്ടികളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം ടാങ്കിന് മുകളിൽ കുടുങ്ങിയ പവൻ (17), കല്ലു (16) എന്നീ രണ്ട് കുട്ടികളെ വ്യോമസേനയുടെ സഹായത്തോടെ രക്ഷപ്പെടുത്തി. ഡ്രോണുകൾ വഴി ഇവർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചിരുന്നു. പിന്നാലെ ജില്ലാ ഭരണകൂടം ഇന്ത്യൻ വ്യോമസേനയുടെ സഹായം തേടുകയായിരുന്നു.

ഞായറാഴ്ച പുലർച്ചെ 5.20ഓടെ Mi-17 V5 ഹെലികോപ്ടർ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ രണ്ട് കുട്ടികളെയും സുരക്ഷിതമായി താഴെയിറക്കിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *