ഓപ്പണർമാർ തകർത്തടിച്ചു, മുംബയെ തോൽപ്പിക്കാൻ ഗുജറാത്തിന് വേണ്ടത് 229 റൺസ്

അഹമ്മദാബാദ് : മുംബയ് ഇന്ത്യൻസിന് എതിരായ ഐ.പി.എൽ എലിമിനേറ്റർ മത്സരത്തിൽ വിജയിക്കാൻ ഗുജറാത്ത് ടൈറ്റാൻസിന് വേണ്ടത് 229 റൺസ്. അഹമ്മദാബാദിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബയ് നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 228 റൺസ് നേടിയത്.

50 പന്തുകളിൽ ഒൻപത് ഫോറുകളും നാലു സിക്സുകളുമടക്കം 81 റൺസ് നേടിയ മുൻ നായകൻ രോഹിത് ശർമ്മയാണ് മുംബയ് ഇന്നിംഗ്സിന്റെ നട്ടെല്ലായത്. സഹ ഓപ്പണർ ജോണി ബെയര്‍‌സ്റ്റോ (47), സൂര്യകുമാർ യാദവ് (33), തിലക് വർമ്മ (25),ഹാർദിക് പാണ്ഡ്യ (22*) എന്നിവരും മുബയ്യുടെ സ്‌കോർ ഉയർത്താൻ പ്രയത്നിച്ചു. ഓപ്പണിംഗിൽ ജോണിയും രോഹിതും ചേർന്ന് 7.2ഓവറിൽ 84 റൺസാണ് കൂട്ടിച്ചേർത്തത്. തുടർന്നിറങ്ങിയ സൂര്യയുമായി ചേർന്ന് രോഹിത് 59 റൺസിന്റെ പാർട്ണർഷിപ്പുണ്ടാക്കി.

17ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയാണ് രോഹിതിനെ പുറത്താക്കിയത്. ഗുജറാത്തിന് വേണ്ടി പ്രസിദ്ധും സായ് കിഷോറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സിറാജിന് ഒരു വിക്കറ്റ് ലഭിച്ചു.മറുപടി ബാറ്റിംഗ് ആരംഭിച്ച ഗുജറാത്തിന് തുടക്കത്തിലെ വമ്പൻ തിരിച്ചടിയേറ്റിട്ടുണ്ട്. നായകൻ ഗിൽ (1) പുറത്തായി. ടീം സ്‌കോർ മൂന്നിൽ നിൽക്കെ ട്രെന്റ് ബോൾട്ട് ഗില്ലിനെ വിക്കറ്റിനുമുന്നിൽ കുരുക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *