മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ കാത്തിരിക്കുന്നു; ‘അദ്ദേഹം സമ്മതിക്കണം, ഞാൻ എപ്പോഴും റെഡി’ – ദുൽഖർ സൽമാൻ

‘കാന്ത’, ‘ഐ ആം ഗെയിം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ സൽമാന്റേതായി തിയേറ്ററുകളിലെത്തുന്ന തെലുങ്ക് ചിത്രമാണ് ‘ആകാശംലോ ഒക്ക താര’. ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടി തന്റെ പരിമിതികളെ അതിജീവിച്ച് ബഹിരാകാശ സഞ്ചാരിയാകാൻ നടത്തുന്ന പരിശ്രമങ്ങളെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ കൃഷ്ണ എന്ന കഥാപാത്രമായാണ് ദുൽഖർ വേഷമിടുന്നത്. നവംബർ 20-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതേ ദിവസം തന്നെയാണ് മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം ‘ഓം’ തിയേറ്ററുകളിലെത്തുന്നത്. ഇതോടെ തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ അച്ഛനും മകനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് വേദിയൊരുങ്ങുന്നത്.
അതിനിടെ, ‘ആകാശംലോ ഒക്ക താര’യുടെ പ്രൊമോഷൻ പരിപാടിക്കിടെ മമ്മൂട്ടിയ്ക്കൊപ്പം എന്നായിരിക്കും ഒരു ചിത്രം ചെയ്യുക എന്ന നിർമാതാവ് അല്ലു അരവിന്ദിന്റെ ചോദ്യത്തിന് ദുൽഖർ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ദുൽഖറിനെയും മമ്മൂട്ടിയെയും ഒരുമിപ്പിച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് അല്ലു അരവിന്ദ് പറഞ്ഞപ്പോൾ, താൻ എപ്പോഴും തയ്യാറാണെന്നും അദ്ദേഹമാണ് സമ്മതിക്കേണ്ടതെന്നുമായിരുന്നു ദുൽഖറിന്റെ മറുപടി. മമ്മൂട്ടിയെ താൻ കൺവിൻസ് ചെയ്യാമെന്ന് അല്ലു അരവിന്ദ് വ്യക്തമാക്കിയതോടെ, എങ്കിൽ താൻ ഇപ്പോൾ തന്നെ അഭിനയിക്കാമെന്നും ദുൽഖർ രസകരമായി കൂട്ടിച്ചേർത്തു.



