മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിൽ പടയൊരുക്കം; ഏകപക്ഷീയ തീരുമാനങ്ങൾ വേണ്ടെന്ന് ഗ്രൂപ്പുകൾ, നിലപാട് കടുപ്പിച്ച് സണ്ണി ജോസഫും

തിരുവനന്തപുരം: മദ്യനയ ഉപസമിതിയുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്ന് മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ് വ്യക്തമാക്കി. മന്ത്രിസഭയിലെ ചില വിഷയങ്ങളിൽ ചർച്ചകൾ നടന്നിട്ടുണ്ടെന്നും ചിലത് പൂർത്തിയാകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല കാര്യങ്ങളിലും തീരുമാനത്തിലെത്തിയിട്ടുണ്ട്. എന്നാൽ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കാൻ കഴിയില്ലെന്നും കഴിയുന്നത്ര കൂടിയാലോചിച്ച് തീരുമാനത്തിലെത്തുക എന്നതാണ് തന്റെ നിലപാടെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ സ്വൽപം താമസം വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് യോഗം ചേരാത്തതിനെക്കുറിച്ച് മുന്നണി ചെയർമാനോടും കൺവീനറോടുമാണ് ചോദിക്കേണ്ടതെന്ന് പറഞ്ഞ സണ്ണി ജോസഫ്, അനിൽകുമാറിനെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും വ്യക്തമാക്കി. അതിനിടെ, കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുന്നതിനെതിരെ കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകൾ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ്. പാർട്ടിയിൽ ഇനി ചർച്ചകളില്ലാതെ തീരുമാനങ്ങൾ എടുക്കാൻ അനുവദിക്കില്ലെന്ന നിലപാട് വിവിധ ഗ്രൂപ്പുകൾ കടുപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ ശക്തമായി മുന്നോട്ട് പോകാൻ കെ.സി. വേണുഗോപാൽ പക്ഷം തീരുമാനിച്ചിട്ടുണ്ട്. ബോർഡ് നിയമനങ്ങളിലും പി.എസ്.സിയിലും ദേവസ്വം ബോർഡിലും അർഹമായ പരിഗണന ലഭിക്കാത്തതിൽ എ ഗ്രൂപ്പിനും വലിയ പരാതിയുണ്ട്. തർക്കങ്ങൾക്കൊടുവിൽ കെ.സി. പക്ഷം തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ ഉമ്മൻ ചാണ്ടിക്കൊപ്പം നിലയുറപ്പിച്ച വിഭാഗത്തിന് കടുത്ത അമർഷമുണ്ട്. ബോർഡ്-കോർപ്പറേഷൻ ചർച്ചകളിൽ പ്രാതിനിധ്യമില്ലാത്തതിലും പി.എസ്.സി, ദേവസ്വം നിയമനങ്ങളിൽ തഴയപ്പെടുന്നതിലും ഇവർ അതൃപ്തിയിലാണ്. ഘടകകക്ഷികൾക്കും മുഖ്യമന്ത്രിയുടെ പല തീരുമാനങ്ങളിലും വിയോജിപ്പുണ്ട്.

കെപിസിസി അധ്യക്ഷൻ ദുർബലനാണെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെ, അധ്യക്ഷനെന്ന നിലയിൽ പാർട്ടിയിലും ഭരണത്തിലും ശക്തമായി ഇടപെടാനാണ് സണ്ണി ജോസഫിന്റെയും തീരുമാനം. താൻ അധ്യക്ഷനാണെങ്കിൽ എല്ലാം താൻ അറിഞ്ഞിരിക്കണമെന്ന് മന്ത്രിസഭാ യോഗത്തിൽ സണ്ണി ജോസഫ് തറപ്പിച്ചു പറഞ്ഞതും ശ്രദ്ധേയമായി. മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനങ്ങളെടുത്ത് അടിച്ചേൽപ്പിക്കുന്നുവെന്ന് മന്ത്രിസഭാ യോഗത്തിൽ ഉയർന്ന വിമർശനം ശക്തമായ സന്ദേശമാണെന്ന് വി.ഡി. സതീശൻ വിരുദ്ധ ചേരികൾ വിലയിരുത്തുന്നു. ഇനി എഴുതിത്തന്നാൽ ഒപ്പിടില്ലെന്നും ചർച്ചകളില്ലാതെ ഒരു തീരുമാനവും അനുവദിക്കില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് വി.ഡി. വിരുദ്ധ വിഭാഗം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button