ഓരോ എംഎൽഎയ്ക്കും 70 കോടി വാഗ്ദാനം? വിജയ് സർക്കാരിനെ വീഴ്ത്താൻ നീക്കമെന്ന് ആരോപണം; ടിവികെയിൽ കുതിരക്കച്ചവട ഭീതി

ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം ശക്തമാകുന്നു. വിജയ് നയിക്കുന്ന ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി മന്ത്രി നിർമൽ കുമാർ രംഗത്ത്. ടിവികെ എംഎൽഎമാരെ പണം നൽകി പാർട്ടിയിൽ നിന്ന് അടർത്തിയെടുക്കാൻ ഇരു പാർട്ടികളുമായി ബന്ധമുള്ള നേതാക്കൾ ശ്രമിക്കുന്നതായാണ് മന്ത്രിയുടെ ആരോപണം. ഒരു എംഎൽഎയ്ക്ക് 60 മുതൽ 70 കോടി രൂപ വരെ വാഗ്ദാനം ചെയ്തതായാണ് അദ്ദേഹത്തിന്റെ വാദം.
എംഎൽഎമാരെ വിലയ്ക്കെടുക്കാനുള്ള നീക്കത്തിന് പിന്നിൽ ഡിഎംകെ അദ്ധ്യക്ഷൻ എം കെ സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ആണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതുമുതൽ ടിവികെ എംഎൽഎമാരെ ബന്ധപ്പെടാനും പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.ഡിഎംകെയുമായി ബന്ധമുള്ളവരിൽ ചിലരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കരൂരിൽ നിന്നുള്ള ചില പ്രധാന വ്യക്തികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുവെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം നീക്കങ്ങൾ നടന്നിട്ടുണ്ടെന്നും നിർമൽ കുമാർ വ്യക്തമാക്കി. എന്നാൽ, പണം വാഗ്ദാനം ചെയ്താൽ ടിവികെ എംഎൽഎമാർ ആരും തന്നെ പാർട്ടി വിടില്ലെന്നും മറുകണ്ടം ചാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.അതേസമയം, മന്ത്രിയുടെ ആരോപണങ്ങൾ ഡിഎംകെയും എഐഎഡിഎംകെയും ബിജെപിയും നിഷേധിച്ചു. അധികാരത്തിൽ തുടരാൻ ഭരണകക്ഷി കുതിരക്കച്ചവടം നടത്തുകയാണെന്നാണ് ഡിഎംകെയുടെ ആരോപണം.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എഐഎഡിഎംകെയിലെ ആറ് സിറ്റിംഗ് എംഎൽഎമാർ രാജിവെച്ച് ടിവികെയിൽ ചേർന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ പ്രതികരിച്ചത്. ടിവികെ എംഎൽഎമാരെ വാങ്ങേണ്ട സാഹചര്യം ഡിഎംകെയ്ക്കോ എഐഎഡിഎംകെയ്ക്കോ ഇല്ലെന്ന് ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു. അധികാരത്തിൽ തുടരാൻ ഭരണകക്ഷി തന്നെയാണ് കുതിരക്കച്ചവടം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.



