മെസിയുടെ പേരിലെ തട്ടിപ്പ്; മുൻമന്ത്രി വി. അബ്ദുറഹിമാനെ എസ്ഐടി ചോദ്യം ചെയ്തു

തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്‌ദു റഹിമാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ നടത്തിയ ചോദ്യം ചെയ്യൽ നാലുമണിക്കൂറോളം നീണ്ടു. വിദേശ യാത്ര, സ്പോൺസറെ തിരഞ്ഞെടുത്ത രീതി, അതിൽ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് മന്ത്രിയുടെ മൊഴിയെടുത്തത്.
കേസിലെ മുഖ്യപ്രതി ആന്റോ അഗസ്റ്റിന്റെ വീട്ടിലും റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനിയുടെ ഓഫീസുകളിലും കഴിഞ്ഞ ദിവസം എസ്.ഐ.ടി പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡിൽ കണ്ടെടുത്ത രേഖകളുടെയും മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലിയുടെയും അടിസ്ഥാനത്തിലാണ് മുൻമന്ത്രിയെ ചോദ്യം ചെയ്തത്.
ആന്റോ അഗസ്റ്റിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം വിട്ടുനൽകിയതിൽ അബ്‌ദു റഹിമാൻ നിയമവിരുദ്ധമായി ഇടപെടുകയും വഴിവിട്ട് സഹായിക്കുകയും ചെയ്തെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു. മെസി വരുമെന്ന് തെറ്റിദ്ധരിപ്പിച്ച ് ആന്റോയ്ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാൻ വഴിയൊരുക്കിയെന്നും അതിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്നും ആരോപണമുണ്ട്. ഇക്കാര്യങ്ങളിലും എസ്.ഐ.ടി മുൻമന്ത്രിയുടെ മൊഴിയെടുത്തതായാണ് സൂചന.



