കോലി ഷോയിൽ തകർന്നടിഞ്ഞ് വിൻഡീസ്, ഗില്ലിനും സെഞ്ചുറി; ഇന്ത്യയ്ക്ക് തകർപ്പൻ ജയം

തിരുവനന്തപുരം: കാര്യവട്ടത്ത് സെഞ്ചുറിയുമായി ശുഭ്മാൻ ഗില്ലും വിരാട് കോലിയും കത്തിക്കയറിയപ്പോൾ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. എട്ടുവിക്കറ്റിനാണ് ഇന്ത്യ വിൻഡീസിനെ തകർത്തത്. 296 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 41.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 110 റൺസെടുത്തപ്പോൾ കോലി 139 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോററായി. ഇന്ത്യൻ ബാറ്റർമാർ നിറഞ്ഞുനിന്നതോടെ വിൻഡീസ് ബൗളർമാർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി രോഹിത് ശർമയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും മികച്ച തുടക്കം നൽകി. ശ്രദ്ധയോടെ ബാറ്റേന്തിയ ഇരുവരും ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടുകൊണ്ടുപോയി. എട്ടാം ഓവറിൽ അമ്പത് കടത്തിയ ഇരുവരും പത്തോവറിൽ ടീമിനെ 70 റൺസിലെത്തിച്ചു. 12-ാം ഓവറിൽ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 32 റൺസെടുത്ത രോഹിത് ശർമയാണ് പുറത്തായത്.
എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച വിരാട് കോലിയും ശുഭ്മാൻ ഗില്ലും വിൻഡീസ് ബൗളർമാർക്ക് പിടികൊടുക്കാതെ ബാറ്റേന്തി. 16 ഓവർ അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. കൃത്യമായ റൺറേറ്റ് അടിസ്ഥാനമാക്കി വിരാട് കോലിയും ഗില്ലും ബാറ്റേന്തി. അതോടെ ഇന്ത്യ ട്രാക്കിലായി. വിൻഡീസ് ബൗളർമാർ മാറി മാറിയെറിഞ്ഞിട്ടും ഫലമുണ്ടായില്ല. 25 ഓവറിൽ 158-1 എന്ന നിലയിലായിരുന്നു ഇന്ത്യ.
അർധസെഞ്ചുറി തികച്ച ഗിൽ സെഞ്ചുറിയിലേക്ക് കുതിച്ചപ്പോൾ ബൗണ്ടറികളുമായി കോലി കാര്യവട്ടത്തെ ആവേശക്കൊടുമുടുയിലാക്കി. പിന്നാലെ കോലിയുടെ ഫിഫ്റ്റിയുമെത്തി. 27-ാം ഓവറിലെ ആദ്യ പന്ത് അൽസാരി ജോസഫിനെ സിക്സറടിച്ചാണ് കോലി അർധസെഞ്ചുറി തികച്ചത്. 28-ാം ഓവറിൽ പത്ത് റൺസും 29-ാം ഓവറിൽ 14 റൺസും പിറന്നു. അതോടെ 30 ഓവറിൽ 196 ലെത്തി. 31-ാം ഓവറിൽ ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയെത്തി. 96 പന്തിലാണ് താരം സെഞ്ചുറി തികച്ചത്. പിന്നീട് കോലി ഷോയാണ് മൈതാനത്ത് കണ്ടത്. 32-ാം ഓവറിലും 34-ാം ഓവറിലും കോലി റോസ്റ്റൺ ചേസിനെ അതിർത്തികടത്തി. പിന്നാലെ ഗിൽ പുറത്തായി.
110 റൺസാണ് ഇന്ത്യൻ നായകന്റെ സമ്പാദ്യം. മൂന്നാം വിക്കറ്റിൽ ഋതുരാജ് ഗെയ്ക്വാദിനെ കൂട്ടുപിടിച്ച് കോലി വെടിക്കെട്ട് നടത്തി. പിന്നാലെ താരം സെഞ്ചുറി തികച്ചു. 74 പന്തിലാണ് സെഞ്ചുറി പിറന്നത്. ഏകദിന ക്രിക്കറ്റിലെ കോലിയുടെ 55-ാം സെഞ്ചുറിയാണിത്. സെഞ്ചുറി നേടിയതിന് ശേഷവും വിൻഡീസ് ബൗളർമാരെ കോലി പ്രഹരിച്ചു. വിൻഡീസ് ബൗളർമാർക്ക് നോക്കിനിൽക്കാനേ സാധിച്ചുള്ളൂ. ഒടുക്കം 41.4 ഓവറിൽ ഇന്ത്യ ജയത്തിലെത്തി. കോലി 88 പന്തിൽ നിന്ന് 139 റൺസെടുത്ത് പുറത്താവാതെ നിന്നു.
ആദ്യം ബാറ്റുചെയ്ത വിൻഡീസ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് 295 റൺസാണെടുത്തത്. വിൻഡീസ് ഓപ്പണർ ജസ്റ്റിൻ ഗ്രീവ്സ് 101 റൺസെടുത്തു. ഇന്ത്യക്കായി കുൽദീപ് യാദവ് നാലുവിക്കറ്റെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന്റേത് മികച്ച തുടക്കമായിരുന്നു. ഓപ്പണർമാരായ ജോൺ കാംപ്ബെല്ലും ജസ്റ്റിൻ ഗ്രീവ്സും ചേർന്ന് ഇന്ത്യൻ ബൗളർമാരെ നേരിട്ടു. പതിയെ തുടങ്ങിയ ഇരുവരും ക്രീസിൽ നിലയുറപ്പിച്ചതോടെ വിൻഡീസ് സ്കോർ കുതിച്ചു. ആദ്യ വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. സ്കോർ 135 ൽ നിൽക്കേ കാംപ്ബെൽ പുറത്തായി.
62 റൺസാണ് സമ്പാദ്യം. പിന്നീടിറങ്ങിയ കാസി കാർട്ടി(13), ഷായ് ഹോപ്(12) എന്നിവർക്ക് പിടിച്ചുനിൽക്കാനായില്ല. വിക്കറ്റുകൾ പോകുമ്പോഴും വിൻഡീസ് ഇന്നിങ്സ് മുന്നോട്ടുനയിച്ച ഗ്രീവ്സ് സെഞ്ചുറി തികച്ചു. 108 പന്തിൽ നിന്ന് 101 റൺസെടുത്ത് താരം പുറത്തായതോടെ വിൻഡീസ് പരുങ്ങലിലായി. ജുവൽ ആൻഡ്രൂ ഗോൾഡൻ ഡക്കായി മടങ്ങിയതോടെ വിൻഡീസ് 35.4 ഓവറിൽ 198-5 എന്ന നിലയിലായി. ആറാം വിക്കറ്റിൽ റോസ്റ്റൺ ചേസും അമിർ ജാങ്കൂവും ചേർന്നാണ് ടീമിനെ കരകയറ്റിയത്. ആറാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് പിറന്നതോടെ ടീം 250 കടന്നു. അമിർ 58 റൺസുമായി പുറത്താകാതെ നിന്നു. അതോടെ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് 295 റൺസെടുത്തു.



