‘11 വയസുള്ള മകളുടെ അച്ഛനാണ്; പല കാര്യങ്ങളും പറഞ്ഞ് മനസിലാക്കേണ്ടി വരുന്നു’

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സുരക്ഷിതത്വമില്ലായ്മയെക്കുറിച്ചും ഒരു രക്ഷിതാവെന്ന നിലയിൽ താൻ നേരിടുന്ന ആശങ്കകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ പൃഥ്വിരാജ് സുകുമാരൻ. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രം ‘ദയ്റ’യുടെ ട്രെയിലർ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 11 വയസുള്ള മകളുടെ പിതാവെന്ന നിലയിൽ ഏറെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

ഒരു രക്ഷിതാവെന്ന നിലയിൽ ഏറെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. എനിക്ക് 11 വയസുള്ള മകളുണ്ട്. അവൾക്ക് എന്താണ് സുരക്ഷിതം, എന്താണ് സുരക്ഷിതമല്ലാത്തത് എന്നതിനെക്കുറിച്ച് അവളോട് സംസാരിച്ച് മനസിലാക്കി കൊടുക്കേണ്ട ഘട്ടത്തിലാണ്. നാം ജീവിക്കുന്നത് നിഷ്‌കളങ്കമായ ഒരു ലോകത്തായിരുന്നെങ്കിൽ, മകളോട് ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടി വരില്ലായിരുന്നു.

പക്ഷേ നമ്മൾ അങ്ങനെയൊരു ലോകത്തല്ല ജീവിക്കുന്നത്. ഒരു പൗരനെന്ന നിലയിൽ കുട്ടികളോട് ഇതേക്കുറിച്ച് സംസാരിക്കുകയെന്നല്ലാതെ മറ്റെന്താണ് നമുക്ക് ചെയ്യാൻ കഴിയുക?ഇത്തരം കാര്യങ്ങളെക്കുറിച്ച് പെൺകുട്ടികളോട് മാത്രമല്ല സംസാരിക്കേണ്ടത്. ആൺകുട്ടികളോടും അതേ ഗൗരവത്തോടെ സംസാരിക്കണം. ഈ വിഷയത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് പുരുഷന്മാർക്കാണ്. സമൂഹത്തിൽ ഈ സന്ദേശം ശക്തമായി ഉയർത്തിപ്പിടിക്കാനും അതിനായി മുന്നിട്ടിറങ്ങാനും നമ്മളാണ് തയ്യാറാകേണ്ടത്,’ -പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button