പിണറായിക്കും വീണയ്ക്കുമെതിരെ സി.പി.എം യോഗത്തിൽ വിമർശനം! കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റണമെന്നും ആവശ്യം

കൊല്ലം: പിണറായി വിജയനും മകളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിമർശനവുമായി സി.പി.എം. വിപുലീകൃത കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിലെ പ്രതിനിധികൾ. മകൾക്കുവേണ്ടി പിണറായി ഉണ്ടാക്കിയ അവമതിപ്പ് ചെറുതല്ലെന്നായിരുന്നു കുണ്ടറയിൽനിന്നുള്ള പ്രതിനിധിയുടെ വിമർശനം. ഇ.എം.എസും എ.കെ.ജിയും മക്കൾക്കുവേണ്ടി പാർട്ടിയെ ഉപയോഗിച്ചിട്ടില്ലെന്നും പിണറായിയുടെ മകൾക്ക് ഇത്രയും പണം എവിടെനിന്ന് ലഭിച്ചെന്ന കാര്യം പാർട്ടി അന്വേഷിച്ചില്ലെന്നും പ്രതിനിധി ചോദിച്ചു. പിണറായി വിജയനെയും റിയാസിനെയും ന്യായീകരിച്ച സംസ്ഥാന സെക്രട്ടറിയുടെ ഉദ്ഘാടനപ്രസംഗത്തിനെതിരെയും യോഗത്തിൽ പരിഹാസവും വിമർശനവും ഉയർന്നു.

‘ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും’ എന്ന മട്ടിലാണ് സംസ്ഥാന സെക്രട്ടറി സംസാരിച്ചതെന്ന് ഒരു പ്രതിനിധി പരിഹസിച്ചു. ജില്ലാ കമ്മിറ്റിയിൽ പിണറായിയെ വിമർശിക്കരുതെന്ന സന്ദേശമാണ് ഉദ്ഘാടനപ്രസംഗത്തിലൂടെ നൽകിയതെന്നും ചർച്ച ചെയ്യേണ്ട വിഷയങ്ങളിൽ സംസാരിക്കരുതെന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇത്തരം നിലപാടുകൾ പാർട്ടിയുടെ രീതികൾക്ക് വിരുദ്ധമാണെന്നും തിരുത്തൽ സംസ്ഥാന സെക്രട്ടറിയിൽനിന്നുതന്നെ തുടങ്ങണമെന്നും ആവശ്യമുയർന്നു. കണ്ണൂരിലെ തോൽവിക്ക് പിണറായി വിജയനും ഗോവിന്ദനുമാണ് പ്രധാന കാരണക്കാരെന്നും വിമർശനമുണ്ടായി. വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ശാസിക്കപ്പെട്ട വിവരം ജില്ലാ കമ്മിറ്റികളിൽ വന്ന് റിപ്പോർട്ട് ചെയ്യേണ്ടിവരുന്നത് സംസ്ഥാന സെക്രട്ടറിയുടെ ഗതികേടാണെന്ന് അഞ്ചലിൽനിന്നുള്ള പ്രതിനിധിയും പറഞ്ഞു.

ജില്ലാ സെക്രട്ടറി എസ്. സുദേവനെതിരെയും യോഗത്തിൽ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. മൂന്ന് ടേമായി ജില്ലാ സെക്രട്ടറി പാർട്ടിയെ തുടർച്ചയായ പരാജയങ്ങളിലേക്ക് നയിക്കുകയാണെന്നും ജില്ലാ സെന്റർ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും പ്രതിനിധികൾ ആരോപിച്ചു. ജില്ലാ സെക്രട്ടറിയെ മാറ്റണമെന്ന ആവശ്യവും ഉയർന്നു. തിരഞ്ഞെടുപ്പ് പരാജയങ്ങൾക്കും സംഘടനാ പ്രവർത്തനത്തിലെ പോരായ്മകൾക്കും നേതൃത്വം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന നിലപാടാണ് വിമർശനങ്ങളിൽ പ്രതിഫലിച്ചത്.

വർഗ-ബഹുജന സംഘടനകളെ പാർട്ടി ഗൗരവത്തോടെ കാണുന്നില്ലെന്നും പാർട്ടി അംഗത്വത്തിന്റെ നിലവാരം മെച്ചപ്പെടുത്തണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. പ്രവർത്തിക്കാത്ത അംഗങ്ങളെ ഒഴിവാക്കണം. അമിതമായ ഫണ്ട് പിരിവും തുടർച്ചയായ പരിപാടികളും പ്രവർത്തകരെ മടുപ്പിക്കുന്നതായും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പിണറായി വിജയനും മകൾക്കുമെതിരായ വിമർശനങ്ങൾക്കൊപ്പം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളും ജില്ലാ നേതൃത്വത്തിന്റെ പ്രവർത്തനങ്ങളും ചർച്ചയായ യോഗത്തിൽ, ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച ശനിയാഴ്ച ഉച്ചവരെ തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button