‘വിദേശത്തേക്ക് പോകേണ്ട, വിവാഹം ഇന്ത്യയിൽ മതി’; യുവാക്കളോട് ആഹ്വാനവുമായി പ്രധാനമന്ത്രി, സന്തോഷവാർത്ത പങ്കുവച്ചു

ന്യൂഡൽഹി: മൊത്ത ആഭ്യന്തര ഉത്‌പാദന (ജിഡിപി) വളർച്ചയിൽ 7.8 ശതമാനം വർദ്ധനവുണ്ടായതിൽ രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ആത്മനിർഭർ ഭാരതി’നായുള്ള പ്രതിജ്ഞ പുതുക്കണമെന്നും അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു. കിർഗിസ്ഥാനിൽ നിന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പ്രധാനമന്ത്രി സന്തോഷവാർത്ത അറിയിച്ചത്.
ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. 7.8 വളർച്ച രാജ്യത്ത് സന്തോഷം നിറച്ചിരിക്കുന്നു. ജനങ്ങളുടെ നിശ്ചയദാർഢ്യത്തിനും കഠിനാധ്വാനത്തിനും ഞാൻ അഭിനന്ദനം അറിയിക്കുന്നു. ഇത് കൂട്ടായ ശക്തിയുടെ പ്രതിഫലനമാണ്. ലോകം യുദ്ധത്തിൽ മുങ്ങിയിരിക്കുകയാണ്. പ്രതിസന്ധികളാൽ ലോകം ചുറ്റപ്പെട്ടിരിക്കുന്നു. വിതരണ ശൃംഖലകൾക്ക് തടസം നേരിട്ടു.
കൊവിഡ് കാലം മുതൽ ഇന്നുവരെയും ഒരിടത്തും സ്ഥിരതയുണ്ടായിട്ടില്ല. എന്നിട്ടും ഇന്ത്യ അതിവേഗതയോടെ മുന്നോട്ട് കുതിക്കുകയാണ്.വിനോദസഞ്ചാരത്തിനായി വിദേശരാജ്യങ്ങളിലേയ്ക്ക് പോകരുത്. വിദേശരാജ്യങ്ങളിൽ ഡെസ്റ്റിനേഷൻ വിവാഹങ്ങൾ നടത്തുന്നത് ഒഴിവാക്കുക.
‘ഇന്ത്യയിൽ വിവാഹം’ എന്ന മന്ത്രവുമായി ജീവിക്കുക. അത്യാവശ്യമല്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കുക. സ്വാശ്രയത്വത്തിൽ അടിയുറച്ച് മുന്നോട്ട് പോവുകയാണെങ്കിൽ നമ്മൾ സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുമ്പോൾ ഒരു വികസിത ഇന്ത്യയെ രാജ്യത്തെ യുവാക്കൾക്ക് കൈമാറാനാവും. നമ്മുടെ നയങ്ങൾ ശരിയാണ്, ലക്ഷ്യം വ്യക്തമാണ്. 140 കോടി ജനങ്ങളുടെ ഒരുമ രാജ്യത്തെ വലിയ ഉയരങ്ങളിലേയ്ക്ക് നയിക്കുകയാണ്’- മോദി വീഡിയോയിൽ വ്യക്തമാക്കി.



