കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശം; ‘മതവിശ്വാസം പിന്തുടരാം, പക്ഷേ ഭരണഘടനയെ മാനിക്കണം’ മന്ത്രി ബിന്ദുകൃഷ്ണ

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദുകൃഷ്ണ. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും എന്നാൽ കാന്തപുരത്തിന്റെ പരാമർശം അനുകരണീയമല്ലെന്നും മന്ത്രി പറഞ്ഞു.

ഭരണഘടന എല്ലാവരെയും തുല്യരായാണ് കാണുന്നതെന്ന് ബിന്ദുകൃഷ്ണ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ രാഷ്‌ട്രപതി വരെ ഒരു വനിതയാണ്. മതവിശ്വാസം പിന്തുടരാം, എന്നാൽ ഭരണഘടനയെ മാനിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

അന്യപുരുഷന്മാർക്കിടയിലോ പൊതുവിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന സർക്കുലർ വിവാദമായതിന് പിന്നാലെയാണ് കാന്തപുരത്തിന്റെ പുതിയ പരാമർശവും ചർച്ചയായത്. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നതെന്നായിരുന്നു കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിൽ കാന്തപുരം പറഞ്ഞത്.

സ്ത്രീകൾ പൊതുവേദികളിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും അവരെ പൊതുവേദികളിൽ നിന്ന് മാറ്റിനിർത്തുന്നത് ബഹുമാനം കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അന്യപുരുഷന്മാർക്കിടയിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇസ്‌ലാം പർദ്ദ ഏർപ്പെടുത്തിയതെന്നും മതം പഠിപ്പിക്കുന്നത് ഇതാണെന്നും കാന്തപുരം പറഞ്ഞു.

തന്റെ പരാമർശങ്ങളെ ആരെങ്കിലും ചോദ്യം ചെയ്താലും വിമർശിച്ചാലും ഭയന്ന് പിന്നോട്ടുപോകില്ലെന്നും കാന്തപുരം വ്യക്തമാക്കി. മതത്തെക്കുറിച്ച് കൃത്യമായി പഠിച്ചവരാണ് തങ്ങളെന്നും മുസ്‌ലിം സമുദായത്തോട് ഇത്തരം കാര്യങ്ങൾ പറയാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button