‘തിരുത്തില്ല, ഒഴിവാക്കില്ല’; സോണിയയുടെ ആത്മകഥ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ പിന്മാറി

ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ആത്മകഥ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറിയതായി റിപ്പോർട്ട്. പുസ്തകത്തിൽ ചില എഡിറ്റോറിയൽ മാറ്റങ്ങളും ഒഴിവാക്കലുകളും വേണമെന്ന പ്രസാധകരുടെ ആവശ്യം സോണിയ ഗാന്ധി അംഗീകരിച്ചില്ലെന്നാണ് വിവരം. പുസ്തകത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ലെന്ന് സോണിയ നിലപാട് വ്യക്തമാക്കിയതോടെയാണ് പ്രസാധകർ പിന്മാറിയതെന്നാണ് റിപ്പോർട്ട്.
വരുന്ന നവംബർ 10നാണ് ആത്മകഥ വിപണിയിലെത്തുന്നത്. അമേരിക്കയിലെ പെൻഗ്വിൻ റാൻഡം ഹൗസിന്റെ ഭാഗമായ ആൽഫ്രഡ് എ. നോഫ് ആയിരുന്നു പുസ്തകത്തിന്റെ പ്രസിദ്ധീകരണം നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇന്ത്യയിലെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ പുതിയ സാഹചര്യമാണുണ്ടായിരിക്കുന്നത്.
പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറിയ സാഹചര്യത്തിൽ പ്രമുഖ പ്രസാധകരായ ഹാർപ്പർ കോളിൻസ് പുസ്തകം ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, പ്രസാധകമാറ്റവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എന്തായിരിക്കുമെന്നത് വ്യക്തമല്ല.



