ഭവനവായ്പയുടെ സാങ്ഷൻ ലെറ്റർ കിട്ടിയോ? പണം അക്കൗണ്ടിലെത്തും മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഭവനവായ്പയ്ക്കുള്ള സാങ്ഷൻ ലെറ്റർ ലഭിച്ച ഉടൻ തന്നെ വായ്പ കിട്ടിയെന്നും എല്ലാ കടമ്പകളും കഴിഞ്ഞെന്നും കരുതുന്നവർ നിരവധിയാണ്. എന്നാൽ ലെറ്റർ കിട്ടിയതുകൊണ്ട് മാത്രം വായ്പ തുക അക്കൗണ്ടിൽ എത്തണമെന്നില്ല. പണം പൂർണ്ണമായി കയ്യിൽ ലഭിക്കുന്നതിന് മുൻപായി ബാങ്ക് മുന്നോട്ടുവെക്കുന്ന നിബന്ധനകളെല്ലാം അപേക്ഷകർ പൂർത്തിയാക്കേണ്ടതുണ്ട്. പലിശ നിരക്ക്, തിരിച്ചടവ് കാലാവധി, ലോൺ തുക എന്നിവ വ്യക്തമാക്കുന്ന സാങ്ഷൻ ലെറ്റർ തുടക്കം മുതൽ ഒടുക്കം വരെ വിശദമായി വായിച്ചു മനസ്സിലാക്കുകയാണ് ഇതിൽ ചെയ്യേണ്ട ആദ്യത്തെ പ്രധാന പടി.
അനുവദിച്ച തുക മുഴുവൻ ഒറ്റയടിക്ക് അക്കൗണ്ടിൽ എത്താറില്ല, പകരം വസ്തു ഇടപാടിന്റെയോ നിർമാണത്തിന്റെയോ ഘട്ടങ്ങൾ അനുസരിച്ചാണ് ബാങ്കുകൾ പണം അനുവദിക്കുന്നത്. നിർമാണത്തിലിരിക്കുന്ന വീടാണെങ്കിൽ ഓരോ ഘട്ടത്തിലും പണം നൽകുന്നതിന്റെ ഷെഡ്യൂൾ ബിൽഡറുമായും ബാങ്കുമായും സംസാരിച്ച് ഉറപ്പാക്കണം. കൂടാതെ, സെയിൽ കരാർ, ആധാരം, അപ്രൂവൽ പ്ലാനുകൾ തുടങ്ങിയ പെൻഡിങ് രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ എന്നിവയ്ക്കായി സ്വന്തം വിഹിതവും എമർജൻസി ഫണ്ടും മുൻകൂട്ടി കരുതി വെക്കാനും ശ്രദ്ധിക്കണം.
വായ്പാ കരാറിൽ ഒപ്പിടുന്നതിന് മുൻപ് സാങ്ഷൻ ലെറ്ററിലെ വ്യവസ്ഥകളുമായി അവ ഒത്തുനോക്കാൻ ഒരിക്കലും മറക്കരുത്. ആദ്യ ഇഎംഐ അല്ലെങ്കിൽ പ്രീ-ഇഎംഐ എന്ന് മുതലാണ് ആരംഭിക്കുന്നത്, തിരിച്ചടവ് തീയതി തുടങ്ങിയ കാര്യങ്ങളും കൃത്യമായി പരിശോധിക്കണം. ഭവനവായ്പ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഒന്നായതിനാൽ സാങ്ഷൻ ലെറ്ററും വായ്പാ കരാറും പണമടച്ചതിന്റെ രസീതുകൾ ഉൾപ്പെടെയുള്ള എല്ലാ പ്രധാന രേഖകളും സുരക്ഷിതമായി സൂക്ഷിക്കുന്നത് ഭാവിയിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും.



