ചരിത്രത്തിൽ ആദ്യം; സഭയിൽ മുഖ്യമന്ത്രിയുടെ കസേര വിട്ട് മന്ത്രിമാർക്കൊപ്പം ഇരുന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

തമിഴ്നാട് നിയമസഭയിൽ അത്യപൂര്‍വമായ സംഭവങ്ങൾ അരങ്ങേറി. വ്യാഴാഴ്ച നടന്ന നിയമസഭാ സമ്മേളനത്തിനിടെ, മുഖ്യമന്ത്രിയുടെ സ്ഥിരം ഇരിപ്പിടം ഒഴിവാക്കി മന്ത്രിമാർക്കൊപ്പം മുൻനിരയിൽ ഇരുന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പരമ്പരാഗത രീതികളെ മറികടന്നു. ഒരു മുഖ്യമന്ത്രി സഭയില്‍ ഔദ്യോഗിക കസേര വിട്ട് മന്ത്രിമാര്‍ക്കൊപ്പം വന്നിരിക്കുന്നത്.
ഉച്ചയ്ക്കുശേഷമുള്ള സമ്മേളനത്തിനിടയിലാണ് സ്പീക്കറുടെ ഇരിപ്പിടത്തിന് തൊട്ടടുത്തുള്ള തന്റെ പ്രത്യേക ഇരിപ്പിടത്തിൽ നിന്ന് വിജയ് എഴുന്നേറ്റ് മന്ത്രിമാരായ കെ.എ. സെങ്കട്ടയ്യൻ, ആധവ് അർജുന എന്നിവർക്കിടയിലായി ചെന്നിരുന്നത്. സഹപ്രവർത്തകരുമായി സംസാരിക്കാനായി ജനപ്രതിനിധികൾ സീറ്റ് മാറുന്നത് സാധാരണമാണെങ്കിലും, ഒരു മുഖ്യമന്ത്രി ഇത്തരത്തിൽ തന്റെ ഔദ്യോഗിക ഇരിപ്പിടം മാറി ഇരിക്കുന്നത് നിയമസഭാ ചരിത്രത്തിൽ തന്നെ ആദ്യമായാണ്.
അതേസമയം, സഭയിൽ ചർച്ച നടക്കുന്ന വേളയിൽ വകുപ്പ് സെക്രട്ടറിമാർ ഹാജരാകാത്തതിനെതിരെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. എന്നാൽ സെക്രട്ടറിമാർ തൊട്ടടുത്തുള്ള വാർ റൂമിൽ നിന്ന് കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും സഭയിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കാൻ നിർദ്ദേശം നൽകുമെന്നും സ്പീക്കർ ജെസിഡി പ്രഭാകർ വ്യക്തമാക്കി.



