ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗിയുടെ മരണം; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി ബന്ധുക്കൾ

കോഴിക്കോട്: ചികിത്സാപ്പിഴവിനെത്തുടർന്ന് രോഗി മരിച്ചതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വടകര സ്വദേശി തങ്കമണി (49) ആണ് മരിച്ചത്. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

‘ഒക്‌ടോബർ അഞ്ചിനാണ് വീട്ടമ്മ ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്‌മിറ്റായത്. എട്ടാം തീയതി ശസ്ത്രക്രിയ നടന്നു. പിറ്റേദിവസം ഐസിയുവിൽ നിന്ന് വാർഡിലേയ്ക്ക് മാറ്റി. രണ്ട് ദിവസം മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലായിരുന്നു. ഇതിനുശേഷം പനിയുടെ ലക്ഷണങ്ങൾ ആരംഭിച്ചു. ഇതിനുള്ള മരുന്നും നൽകി.

ഛർദ്ദിയും വയറിളക്കവുമുണ്ടായി. തുടർന്ന് വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു.വൻകുടലും മലാശയവും ചേരുന്ന ഭാഗത്ത് മുറിവുണ്ടായെന്നും അണുബാധയുണ്ടായെന്നും പറഞ്ഞാണ് പതിനൊന്നാം തീയതി വീണ്ടും ശസ്ത്രക്രിയ ചെയ്തത്. ആദ്യ ശസ്ത്രക്രിയയുടെ പിഴവ് മൂലമാണ് അണുബാധയുണ്ടായതെന്നാണ് കരുതുന്നത്. കാരണം തങ്കമണിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നു’- ഭർതൃസഹോദരൻ ജയചന്ദ്രൻ പറഞ്ഞു. രണ്ടാം ശസ്ത്രക്രിയയ്ക്കുശേഷം വെന്റിലേറ്ററിലേയ്ക്ക് മാറ്റിയ തങ്കമണി ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button