‘അമ്മ അനുഭവിച്ച വേദനയും സഹനവും എനിക്കും പ്രിയങ്കയ്ക്കും മാത്രമറിയാം’; സോണിയ ഗാന്ധിയെക്കുറിച്ച് വികാരനിർഭരമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജീവ് ഗാന്ധിയുടെ വേർപാടിനുശേഷം അമ്മ സോണിയ ഗാന്ധി അനുഭവിച്ച ബുദ്ധിമുട്ടുകളും സഹനങ്ങളും തനിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കും മാത്രമേ അറിയൂവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജീവ് ഗാന്ധിയുടെ ജന്മവാർഷിക ദിനത്തിൽ എക്സിൽ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.

രാജീവ് ഗാന്ധിയുടെ മരണശേഷമുണ്ടായ ജീവിതത്തിലെ പ്രതിസന്ധികളെ സോണിയ ഗാന്ധി അപാരമായ ധൈര്യത്തോടെയാണ് നേരിട്ടതെന്നും രാഹുൽ കുറിച്ചു. സ്വകാര്യത ഏറെ കാത്തുസൂക്ഷിക്കുന്ന ഒരാളായ സോണിയ ഗാന്ധി തന്റെ ജീവിതകഥ ലോകത്തോട് പങ്കുവെക്കുന്നത് എത്രമാത്രം പ്രയാസകരമായിരുന്നുവെന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

സോണിയ ഗാന്ധിയുടെ പുതിയ ഓർമ്മപ്പുസ്തകമായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ ഉടൻ പുറത്തിറങ്ങാനിരിക്കെയാണ് രാഹുലിന്റെ കുറിപ്പ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ഇറ്റലിയിലെ ബാല്യകാലം, ഇന്ത്യയിലെത്തിയതും രാജീവ് ഗാന്ധിയുമായുള്ള പ്രണയവും ജീവിതത്തിൽ നേരിട്ട വലിയ നഷ്ടങ്ങളുമടക്കം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ 10ന് പുസ്തകം പുറത്തിറങ്ങുമെന്നാണ് പ്രസാധകർ അറിയിച്ചിരിക്കുന്നത്.

രാജീവ് ഗാന്ധിയുടെ 82-ാം ജന്മവാർഷിക ദിനത്തിൽ ഡൽഹിയിലെ വീർഭൂമിയിലെ സ്മാരകത്തിലെത്തി സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ ആദരാഞ്ജലി അർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button