വിമാനത്തിന് സമാനമായ സൗകര്യങ്ങൾ; ടിക്കറ്റ് നിരക്ക് 500 രൂപ മുതൽ, കെഎസ്ആർടിസിയുടെ പ്രീമിയം സർവീസ് എത്തി

തിരുവനന്തപുരം–എറണാകുളം റൂട്ടിൽ വിമാനയാത്രയ്ക്ക് സമാനമായ പ്രീമിയം സൗകര്യങ്ങളുമായി കെഎസ്ആർടിസിയുടെ പുതിയ എസി എക്സിക്യൂട്ടീവ് വോൾവോ ബസ് സർവീസ് ആരംഭിച്ചു. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 5.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ബസ് കൊല്ലം അയത്തിൽ, ആലപ്പുഴ കോമാടി, തോപ്പുംപടി വഴി രാവിലെ 9.45ന് എറണാകുളത്ത് എത്തും. വൈകീട്ട് 5.30ന് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങും.
യാത്രക്കാർക്ക് കൂടുതൽ സുഖകരമായ യാത്ര ഉറപ്പാക്കുന്നതിനായി 39 റിക്ലൈനർ സീറ്റുകളാണ് ബസിലുള്ളത്. വ്യക്തിഗത എന്റർടെയ്ൻമെന്റ് സ്ക്രീൻ, മിനി പാൻട്രി, മിനി റഫ്രിജറേറ്റർ, കോഫി മേക്കർ, ടോയ്ലറ്റ്, സൗജന്യ വൈ-ഫൈ, യുഎസ്ബി ചാർജിങ് പോർട്ടുകൾ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വിമാനങ്ങളിലെ ക്യാബിൻ ക്രൂവിന് സമാനമായി യാത്രക്കാരെ സഹായിക്കാൻ സ്വിഫ്റ്റ് ജീവനക്കാരിയായ ‘ബസ് ഹോസ്റ്റസിനെയും’ സർവീസിൽ നിയോഗിച്ചിട്ടുണ്ട്.
വന്ദേഭാരത് എക്സ്പ്രസിന് സമാനമായ സമയക്രമത്തിൽ കുറഞ്ഞ ചെലവിൽ യാത്ര ഒരുക്കുകയാണ് സർവീസിന്റെ ലക്ഷ്യം. ഏകദേശം 500 മുതൽ 600 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. വാട്സ്ആപ്പ് നമ്പറിലേക്ക് ‘Hi’ സന്ദേശം അയച്ചും ‘എന്റെ കെഎസ്ആർടിസി’ ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ്, റിസർവേഷൻ കൗണ്ടറുകൾ എന്നിവ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.



