ഖാർഗെയ്ക്ക് പാർട്ടിയിൽ വേണ്ടത്ര പിന്തുണ ലഭിച്ചില്ല; പ്രവർത്തക സമിതി യോഗത്തിൽ തുറന്നടിച്ച് കോൺഗ്രസ് അധ്യക്ഷൻ

ഹൽദ്വാനിയിലെ പ്രസംഗവേദി ശുദ്ധീകരിച്ചെന്ന വിവാദത്തിൽ തനിക്ക് പാർട്ടിയിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രവർത്തക സമിതി യോഗത്തിലാണ് ഖാർഗെ ഇക്കാര്യം തുറന്നുപറഞ്ഞത്. വിഷയത്തിൽ ഭൂരിഭാഗം പ്രവർത്തക സമിതി അംഗങ്ങളും മൗനം പാലിച്ചെന്നും അദ്ദേഹം വിമർശിച്ചു.

മാധ്യമങ്ങളിൽ നിരന്തരം സജീവമായിരിക്കുന്ന നേതാക്കൾ പോലും തനിക്കെതിരായ അധിക്ഷേപത്തെ അപലപിക്കാൻ തയ്യാറായില്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി. പാർട്ടി നിലപാടിന് വിരുദ്ധമായി ലേഖനങ്ങൾ എഴുതുന്നവരെയും അദ്ദേഹം വിമർശിച്ചു.

അതേസമയം, പാർട്ടിയൊന്നാകെ ഖാർഗെയ്ക്കൊപ്പം ഉറച്ചുനിൽക്കുന്നുണ്ടെന്ന് യോഗത്തിൽ ഇടപെട്ട് സംസാരിച്ച എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. മുതിർന്ന നേതാവായ ഖാർഗെയ്ക്ക് നേരിടേണ്ടിവന്നത് ജാതീയ അധിക്ഷേപമാണെന്നും സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് റാലിയിൽ പ്രസംഗിച്ച് മടങ്ങിയതിന് പിന്നാലെ ബി.ജെ.പി പ്രവർത്തകർ വേദി ശുദ്ധീകരിച്ചെന്നായിരുന്നു ആരോപണം. താൻ ദളിതനായതിനാലാണ് അപമാനിക്കപ്പെട്ടതെന്ന് ഖാർഗെ രാജ്യസഭയിലും ആരോപിച്ചിരുന്നു.

എന്നാൽ വേദി ശുദ്ധീകരിച്ച ശ്രീരാം സേനയുമായി ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പ്രതികരിച്ചു. ഖാർഗെയുടെ പരാമർശത്തിൽ മതവികാരം വ്രണപ്പെട്ടതിനെ തുടർന്നാണ് ചില സംഘടനകൾ പ്രതിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ പ്രധാനമന്ത്രി മാപ്പുപറയണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. രാജ്യത്തെ മുതിർന്ന നേതാവിന് പോലും ഇത്തരം അനുഭവമുണ്ടാകുന്നുവെങ്കിൽ സാധാരണ ദളിത് വിഭാഗങ്ങളുടെ സ്ഥിതി എന്തായിരിക്കുമെന്ന് കെ.സി. വേണുഗോപാൽ ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button