പ്രളയ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് യാത്രാമൊഴി; അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ തിരുവനന്തപുരം നേമം കല്ലിയൂർ സ്വദേശി ആർ. രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. വീട്ടിൽ സ്ഥലപരിമിതിയുള്ളതിനാൽ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് പൊതുദർശനം ഒരുക്കിയത്.

രാജേഷിനെ അവസാനമായി ഒരുനോക്ക് കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ സണ്ണി ജോസഫ്, പി.സി. വിഷ്‌ണുനാഥ് എന്നിവർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ അന്തിമോപചാരമർപ്പിച്ചു. സംസ്ഥാന ബഹുമതികളോടെയാകും സംസ്കാരം.

ചെറുപുഴ മീന്തുള്ളി തുരുത്തിൽ കുടുങ്ങിയ കർഷകൻ ബെന്നിയെ രക്ഷിക്കാൻ അഗ്നിരക്ഷാസേനയ്ക്കൊപ്പം രക്ഷാദൗത്യത്തിൽ പങ്കെടുത്തപ്പോഴാണ് രാജേഷ് ശക്തമായ ഒഴുക്കിൽപ്പെട്ട് മരിച്ചത്. ബെന്നിയുടെ ജീവൻ രക്ഷിച്ചെങ്കിലും രാജേഷിനെ രക്ഷിക്കാനായില്ല.

അപകടം നടന്നതിന്റെ നാലാം ദിവസമാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. കാര്യങ്കോട് പുഴയിലെ ഇടവരമ്പ് കാനാപീടികയ്ക്ക് സമീപമുള്ള കോച്ചേരി തുരുത്തിൽ ഓടക്കാടുകൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കല്ലിയൂർ അഡ്വഞ്ചർ ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ക്ലബ്ബായ ആഡംസ് ക്ലബ്ബിന്റെ പ്രസിഡന്റും റെപ്പല്ലിംഗ് ഇൻസ്ട്രക്ടറുമായിരുന്ന രാജേഷ് സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

രാജശേഖരന്റെയും ഗീതയുടെയും മകനായ രാജേഷിന്റെ സഹോദരൻ രജ്ഞിത്ത് രണ്ട് വർഷം മുമ്പ് തമ്പാനൂരിലെ ട്രെയിൻ അപകടത്തിൽ മരിച്ചിരുന്നു. ഭാര്യ ഷാഫിയയും മക്കളായ ആർഷൻ, അഭിഷേക് എന്നിവരുമാണ് രാജേഷിന്റെ കുടുംബം.

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തിന് സർക്കാർ വീട് നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button