ഗ്ലാസ് സ്കിൻ വേണോ? ‘ദി കേരള സ്റ്റോറി’ നായികയുടെ ഹെൽത്തി ബർഗർ സോഷ്യൽ മീഡിയയിൽ ഹിറ്റ്

ബർഗർ എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുമെങ്കിലും വണ്ണം കൂടുമെന്നോ മുഖത്ത് കുരു വരുമെന്നോ ഉള്ള പേടി കാരണം പലരും ഇത് ഒഴിവാക്കാറാണ് പതിവ്. എന്നാൽ യാതൊരുവിധ പേടിയും കൂടാതെ ദിവസവും കഴിക്കാൻ പറ്റുന്ന, ഒപ്പം മുഖത്തിന് തിളക്കം നൽകുന്ന ഒരു കിടിലൻ ‘ഗ്ലാസ് സ്കിൻ ബർഗർ’ പരിചയപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടിയും ‘ദി കേരള സ്റ്റോറി’യിലൂടെ മലയാളികൾക്ക് പ്രിയങ്കരിയുമായ ആദാ ശർമ്മ. സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച ഈ സ്പെഷ്യൽ ബർഗർ റെസിപ്പി ഇപ്പോൾ വൻ ട്രെൻഡായി മാറിക്കഴിഞ്ഞു.
സാധാരണ ബർഗറുകളിൽ കാണുന്ന ബ്രെഡ് ബണ്ണോ ഇറച്ചി പാറ്റിയോ ഒന്നും തന്നെ ഈ സ്പെഷ്യൽ ബർഗറിലില്ല. പകരം പൂർണ്ണമായും ആരോഗ്യകരമായ പഴങ്ങളും പച്ചക്കറികളുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചേരുവകളാണ് ഇതിന്റെ പ്രധാന ആകർഷണം.
ബർഗറിന്റെ പ്രധാന പ്രത്യേകതകൾ
ആപ്പിൾ ബൺ: ബണ്ണിന് പകരമായി അടിയിലും മുകളിലുമായി വട്ടത്തിൽ അരിഞ്ഞ ആപ്പിളാണ് ഉപയോഗിച്ചിരിക്കുന്നത്. വിറ്റാമിൻ സിയും പൊട്ടാസ്യവും ധാരാളമുള്ള ആപ്പിൾ ചർമ്മത്തിലെ ജലാംശം നിലനിർത്താനും കൊളാജൻ ഉത്പാദനം കൂട്ടാനും സഹായിക്കുന്നു.
ബീറ്റ്റൂട്ട്: വിറ്റാമിൻ ബി9, മാംഗനീസ് എന്നിവയടങ്ങിയ ബീറ്റ്റൂട്ട് മുഖത്തേക്ക് രക്തയോട്ടം കൂട്ടി കവിളുകൾക്ക് സ്വാഭാവിക പിങ്ക് നിറം നൽകുന്നു.
പച്ചക്കറികളും മറ്റ് ചേരുവകളും: തക്കാളി, കുക്കുമ്പർ, വേവിച്ച കടല എന്നിവയ്ക്കൊപ്പം ഏറ്റവും മുകളിലായി ആരോഗ്യകരമായ കൊഴുപ്പും ധാതുക്കളും അടങ്ങിയ വെളുത്ത എള്ളും വിതറിയിരിക്കുന്നു.
“ഗ്ലാസ് സ്കിൻ ലഭിക്കാൻ ഈ ബർഗർ കഴിക്കൂ…” എന്ന രസകരമായ അടിക്കുറിപ്പോടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താൻ ഈ ബർഗർ കഴിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും രണ്ട് മാസത്തിനുള്ളിൽ തന്റെ മുഖം മാറി തിളങ്ങുമെന്നും താരം ചിരിച്ചുകൊണ്ട് പറയുന്നു.



