ഇടുക്കിയിൽ മഴയ്ക്ക് നേരിയ ശമനം; നാല് ഡാമുകൾ തുറന്നു, മണ്ണിടിച്ചിൽ ഭീഷണിയിൽ ജാഗ്രത തുടരുന്നു

ഇടുക്കി: ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരുന്നു. ഇടവിട്ട് മാത്രമാണ് മഴ ലഭിക്കുന്നത്. നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര അണക്കെട്ടുകൾ തുറന്ന് വെള്ളം ഒഴുക്കുകയാണ്.

ഇടുക്കിയിലെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ്. ഇടുക്കി അണക്കെട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ജലനിരപ്പ് ഒമ്പത് അടി ഉയർന്ന് 2339.62 അടിയിലെത്തി. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടി മാത്രമാണ്.

മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ അധികൃതർ ജാഗ്രതാ നിർദേശം തുടരുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന വിലക്കും രാത്രി യാത്രാ നിരോധനവും പിൻവലിച്ചിട്ടില്ല.

കുമളി–പൂപ്പാറ സംസ്ഥാനപാതയിൽ പുളിയന്മലക്ക് സമീപം വീണ മരം മുറിച്ചുനീക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. പല പ്രദേശങ്ങളിലും ശക്തമായ കാറ്റ് അനുഭവപ്പെട്ടു.

മഴക്കെടുതിയിൽ ഇന്നലെ മാത്രം 14 വീടുകൾക്ക് നാശനഷ്ടമുണ്ടായി. നിലവിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 101 പേരെ പാർപ്പിച്ചിരിക്കുകയാണ്. മഴ കുറഞ്ഞെങ്കിലും ജില്ലയിൽ ദുരന്തസാധ്യത കണക്കിലെടുത്ത് ജാഗ്രത തുടരണമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button