നീറ്റ് പരീക്ഷയിൽ വൻ മാറ്റങ്ങൾ; വീടിനടുത്ത് പരീക്ഷാകേന്ദ്രം, കൂടുതൽ സമയം, സുരക്ഷയും ശക്തമാക്കി

ന്യൂഡൽഹി: നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്ന സുപ്രധാന മാറ്റങ്ങൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. വീടിനടുത്ത് പരീക്ഷാകേന്ദ്രം അനുവദിക്കുക, പരീക്ഷാകേന്ദ്ര വിവരം നേരത്തെ അറിയിക്കുക, ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ കൂടുതൽ സമയം നൽകുക എന്നിവയാണ് പ്രധാന പരിഷ്‌കാരങ്ങൾ. പരീക്ഷയുടെ സുതാര്യതയും സുരക്ഷയും ശക്തമാക്കുന്ന പുതിയ സംവിധാനങ്ങളും നടപ്പാക്കും.

ഓഗസ്റ്റ് 30-ന് നടക്കുന്ന നീറ്റ് പിജി (NEET PG) പരീക്ഷയ്ക്കാണ് പുതിയ ക്രമീകരണങ്ങൾ ആദ്യം ബാധകമാകുക. ഇത്തവണ 2,73,183 പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതേ മാതൃക നീറ്റ് യുജി പരീക്ഷയിലും നടപ്പാക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

പ്രധാന മാറ്റങ്ങൾ

  • വീടിനടുത്ത് പരീക്ഷാകേന്ദ്രം: പരീക്ഷാർത്ഥികൾക്ക് മൂന്ന് സംസ്ഥാനങ്ങൾ തിരഞ്ഞെടുക്കാം. സ്വന്തം വിലാസമുള്ള സംസ്ഥാനത്തിന് ആദ്യ മുൻഗണന നൽകേണ്ടതിനാൽ വീടിനടുത്തുള്ള പരീക്ഷാകേന്ദ്രം ലഭിക്കാനുള്ള സാധ്യത വർധിക്കും.
  • നേരത്തേ പരീക്ഷാകേന്ദ്ര വിവരം: പരീക്ഷാകേന്ദ്രം ദിവസങ്ങൾക്ക് മുമ്പല്ല, നേരത്തേ അറിയിക്കുന്നതിനാൽ യാത്രയും താമസവും മുൻകൂട്ടി ക്രമീകരിക്കാൻ കൂടുതൽ സമയം ലഭിക്കും.
  • ചോദ്യങ്ങൾക്ക് കൂടുതൽ സമയം: ഇനി 210 മിനിറ്റിൽ 180 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമാണ്. മുമ്പ് ഇതേ സമയത്ത് 200 ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടിവന്നിരുന്നു. ഇതോടെ ഓരോ ചോദ്യത്തിനും കൂടുതൽ സമയം ലഭിക്കും.
  • ഒറ്റ ഷിഫ്റ്റിൽ പരീക്ഷ: പരീക്ഷ ഒരൊറ്റ ഷിഫ്റ്റിൽ നടത്തും.

സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി

പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കാൻ സുരക്ഷാ സംവിധാനങ്ങളും കർശനമാക്കും. പരീക്ഷാ ദിനത്തിൽ ആധാർ അധിഷ്ഠിത തിരിച്ചറിയൽ നിർബന്ധമാക്കും. വിരലടയാള പരിശോധന പരാജയപ്പെട്ടാൽ ഐറിസ് (കൃഷ്ണമണി) ബയോമെട്രിക് പരിശോധന നടത്തും.

ചോദ്യപേപ്പർ തയ്യാറാക്കുന്നതുമുതൽ വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി 60,000 ഉദ്യോഗസ്ഥരെയും സ്വതന്ത്ര നിരീക്ഷകരെയും വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button