മഴക്കെടുതിക്കിടെ മുഖ്യമന്ത്രിയുടെ പൊന്നാനി സന്ദർശനം വിവാദത്തിൽ; വിരുന്ന് ദൃശ്യങ്ങൾക്കെതിരെ വിമർശനം ശക്തം

മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ മുസ്ലിം ലീഗ് നേതാവിന്റെ വീട്ടിൽ ഉച്ചഭക്ഷണ വിരുന്നിൽ പങ്കെടുത്തത് രാഷ്ട്രീയ വിവാദമായി. മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബഫാഖി തങ്ങളുടെ വീട്ടിലെ സന്ദർശനത്തിന്റെയും സൽക്കാരത്തിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിമർശനം ശക്തമായത്.
ഫൈസൽ ബഫാഖി തങ്ങൾ തന്നെയാണ് മുഖ്യമന്ത്രിയുടെ സന്ദർശന വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് മഴക്കെടുതിക്കിടെ ഇത്തരം സന്ദർശനം ഉചിതമല്ലെന്ന വിമർശനവുമായി രംഗത്തെത്തിയത്.
തുടർന്ന് പ്രതിപക്ഷ നേതാക്കളും മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചു. എൽഡിഎഫ് ഭരണകാലത്ത് മഴക്കെടുതി നേരിട്ടപ്പോൾ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ പരിപാടികളും റദ്ദാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നുവെന്നും ഇപ്പോൾ ജനങ്ങൾ ദുരിതത്തിലായിരിക്കെ മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുക്കുന്നതാണ് കാണുന്നതെന്നുമാണ് സി.പി.എം നേതാക്കളുടെ വിമർശനം.
മുൻ എം.എൽ.എ വി.കെ. പ്രശാന്ത് സമൂഹമാധ്യമത്തിൽ പരിഹാസരൂപത്തിൽ പ്രതികരിച്ചു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് കൂടിയായ എം.പി എ.എ. റഹീമും മുഖ്യമന്ത്രിയുടെ നടപടി ഔചിത്യമില്ലാത്തതാണെന്ന് വിമർശിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾ പ്രതീക്ഷിക്കുന്നത് നേതൃത്വവും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനവുമാണെന്നും സ്വകാര്യ വിരുന്നുകളല്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം നേതാവ് പി. സരിനും മുഖ്യമന്ത്രിയെ വിമർശിച്ച് രംഗത്തെത്തി. കനത്ത മഴക്കെടുതിക്കിടയിലെ മുഖ്യമന്ത്രിയുടെ സന്ദർശന ദൃശ്യങ്ങൾ പങ്കുവെച്ച് സാമൂഹ്യമാധ്യമത്തിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
നേരത്തെ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയും വിവാദമായിരുന്നു. അതിനിടെയാണ് പൊന്നാനി സന്ദർശനവും പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.



