വിസ്മയയുടെ പുതിയ തുടക്കത്തിന് ഇനി ദിവസങ്ങൾ മാത്രം; സന്തോഷം പങ്കുവെച്ച് മോഹൻലാൽ

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘തുടക്കം’ എന്ന ചിത്രം റിലീസിന് ഇനി വെറും ഏഴ് ദിവസം മാത്രം ബാക്കിനിൽക്കെ, പുതിയ പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ. വിസ്മയയ്ക്കൊപ്പം ഒരു കുട്ടിയും വളർത്തുനായയുമുള്ള ആകർഷകമായ പോസ്റ്ററാണ് താരം പുറത്തുവിട്ടത്.
ചിത്രം ഓഗസ്റ്റ് 7-ന് തീയേറ്ററുകളിലെത്തും. വിസ്മയയ്ക്കൊപ്പം ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘2018’ എന്ന മെഗാഹിറ്റിന് ശേഷം ജൂഡ് ആന്റണി ജോസഫാണ്. 139.35 മിനിറ്റ് (2 മണിക്കൂർ 19 മിനിറ്റ്) ദൈർഘ്യമുള്ള ചിത്രത്തിന് യു/എ 16 പ്ലസ് സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഒരു കൊച്ചു കുടുംബ ചിത്രമായിരിക്കും ഇതെന്നാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് വ്യക്തമാക്കിയത്.
ഡോ. എമിൽ ആന്റണി, ഡോ. അനീഷ ആന്റണി എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതവും ജോമോൻ ടി. ജോൺ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ചമൻ ചാക്കോയും പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമനുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.



