കാവേരി ജലതർക്കം കനക്കുന്നു; വിജയ്‌ക്കെതിരെ കർണാടകയിൽ പ്രതിഷേധം, ‘ജനനായകൻ’ പ്രദർശനവും തടസപ്പെട്ടു

ബംഗളൂരു: കാവേരി ജലവിഹിത തർക്കം വീണ്ടും രൂക്ഷമായതോടെ കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു. തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ കന്നഡ അനുകൂല സംഘടനകൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. കാവേരി വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിക്കാതെ വിജയ്‌യെ ബംഗളൂരുവിലേക്ക് പ്രവേശിപ്പിക്കില്ലെന്നും, എത്താൻ ശ്രമിച്ചാൽ വിമാനത്താവളത്തിൽ തടയുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വിജയ്‌യുടെ പുതിയ ചിത്രം ‘ജനനായകൻ’ കർണാടകയിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധത്തിന് ഇരയായി. മണ്ഡ്യ ഉൾപ്പെടെ ചില പ്രദേശങ്ങളിലെ തിയേറ്ററുകളിൽ ചിത്രത്തിന്റെ മുൻകൂട്ടി നിശ്ചയിച്ചിരുന്ന പ്രദർശനങ്ങൾ റദ്ദാക്കി. പ്രതിഷേധക്കാർ സിനിമയുടെ പോസ്റ്ററുകൾ വലിച്ചുകീറുകയും തിയേറ്ററുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് ചില കേന്ദ്രങ്ങളിൽ പ്രദർശനം നിർത്തിവച്ചതെന്ന് അധികൃതർ അറിയിച്ചു. കാവേരി ജലവിതരണവുമായി ബന്ധപ്പെട്ട് തമിഴ്നാടും കർണാടകയും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമായ സാഹചര്യമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

അതേസമയം, കർണാടക–തമിഴ്നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയും നീളാനാണ് സാധ്യത. നിലവിലെ സാഹചര്യത്തിൽ ചർച്ചയ്ക്ക് അനുകൂല അന്തരീക്ഷമില്ലെന്ന് വിലയിരുത്തിയ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മാറ്റിവയ്ക്കണമെന്ന് വിജയ്‌യെ അറിയിക്കുമെന്ന് വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, വിഷയത്തിൽ തുടർനിലപാട് സർവകക്ഷി യോഗത്തിന് ശേഷമാകും പ്രഖ്യാപിക്കുകയെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.

ഇതിനിടെ, കാവേരി വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 13-ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന വ്യാപക ബന്ദിന് കന്നഡ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button