പ്രതിപക്ഷ ഉപനേതൃപദവി വിവാദം; സിപിഎമ്മിന് മുന്നിൽ വഴങ്ങില്ലെന്ന് സിപിഐ

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ആവർത്തിച്ച് സിപിഐ. പാർട്ടി അഭിമാനം സിപിഎമ്മിന് മുൻപിൽ പണയം വയ്ക്കേണ്ട സാഹചര്യമില്ലെന്നും, വിട്ടുവീഴ്ച ചെയ്ത് ഐക്യം നിലനിർത്തേണ്ടതില്ലെന്നുമാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ.

പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി എൽഡിഎഫിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം തുടരുകയാണ്. പ്രതിപക്ഷ നിരയിലെ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായതിനാൽ ഉപനേതൃപദവി തങ്ങൾക്ക് ലഭിക്കണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിൽക്കുകയാണ്.

പദവി പരസ്യമായി ആവശ്യപ്പെട്ട സാഹചര്യത്തിൽ അതിൽ നിന്ന് പിന്നോട്ടുപോകുന്നത് രാഷ്ട്രീയമായി ശരിയായ സന്ദേശമാകില്ലെന്നാണ് സിപിഐയുടെ വിലയിരുത്തൽ. അതേസമയം, പ്രതിപക്ഷ ഉപനേതൃപദവി നൽകാനാവില്ലെന്ന നിലപാടിലാണ് സിപിഎം.

ഇടതുമുന്നണി പ്രതിപക്ഷത്തിരുന്ന കാലങ്ങളിലൊക്കെയും ഉപനേതൃപദവി സിപിഎമ്മിനായിരുന്നു എന്ന കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാണ് സിപിഎം നിലപാട് ശക്തമാക്കുന്നത്. വിഷയത്തിൽ ഇരു പാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ നടത്തിയ ചർച്ചയും ഫലമുണ്ടാക്കാതെ അവസാനിച്ചിരുന്നു.

അതേസമയം, മുന്നണിയിൽ അന്തിമ ധാരണയാകുന്നതിന് മുമ്പ് ഉപനേതൃപദവി പരസ്യമായി ആവശ്യപ്പെട്ടതിൽ സിപിഐയ്ക്കുള്ളിൽ തന്നെ ചില വിമർശനങ്ങളും ഉയരുന്നുണ്ട്. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരുന്ന് പ്രതിഷേധം അറിയിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

പദവി സംബന്ധിച്ച് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ എൽഡിഎഫിന്റെ പാർലമെന്ററി പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള പ്രതിഷേധ നടപടികളും സിപിഐ പരിഗണിക്കുന്നതായി സൂചനയുണ്ട്. വിഷയത്തിൽ മുന്നണിക്കുള്ളിലെ ചർച്ചകൾ തുടരുമെന്നാണ് വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button