കോൺഗ്രസിൽ നേതൃമാറ്റ സൂചനകൾ; ഡൽഹിയിൽ വി.ഡി. സതീശന്റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഡൽഹിയിൽ എഐസിസി നേതൃത്വവുമായി നിർണായക കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കെപിസിസി അധ്യക്ഷ സ്ഥാനം ഉൾപ്പെടെയുള്ള സംഘടനാ പുനഃസംഘടന ചർച്ചകൾ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് സതീശന്റെ ഡൽഹി സന്ദർശനം ശ്രദ്ധ നേടുന്നത്.

സംസ്ഥാന കോൺഗ്രസിൽ കെപിസിസി, ഡിസിസി തലങ്ങളിലെ നേതൃമാറ്റങ്ങളെ ചൊല്ലി വിവിധ ഗ്രൂപ്പുകൾക്കിടയിൽ വടംവലിയും സജീവമായിട്ടുണ്ട്. കെ.സി. വേണുഗോപാൽ വിഭാഗം സംഘടനാ തലത്തിൽ സ്വാധീനം വർധിപ്പിക്കാനുള്ള നീക്കങ്ങളുമായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ട്.

പുതിയ കെപിസിസി പ്രസിഡന്റിനായി കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ, മാത്യു കുഴൽനാടൻ, അടൂർ പ്രകാശ് എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിൽ ഉള്ളത്. നിലവിലെ ഡിസിസി അധ്യക്ഷന്മാർക്ക് പകരം പുതിയ നേതാക്കളെ നിയമിക്കുന്ന കാര്യവും ഹൈക്കമാൻഡ് പരിശോധിക്കുന്നുണ്ടെന്നാണ് സൂചന.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് വി.ഡി. സതീശൻ ഡൽഹിയിലെത്തുന്നത്. കേരള ഹൗസിലെത്തിയ അദ്ദേഹത്തിന് പ്രവർത്തകർ വൻ സ്വീകരണമാണ് നൽകിയത്. വിദ്യാർത്ഥികളും കേരള ഹൗസ് എൻജിഒ അസോസിയേഷൻ പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ മുദ്രാവാക്യങ്ങൾ മുഴക്കിയും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് മുഖ്യമന്ത്രിയെ വരവേറ്റത്.

കേരളത്തിൽ സുരക്ഷയും അകമ്പടി വാഹനങ്ങളും പരമാവധി കുറച്ചിരുന്ന മുഖ്യമന്ത്രി, ഡൽഹിയിൽ ഡൽഹി പോലീസിന്റെയും കേരള പോലീസിന്റെയും കനത്ത സുരക്ഷാവലയത്തിലാണ് സഞ്ചരിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കാനായി പ്രവർത്തകരുടെ തിരക്കും കേരള ഹൗസിൽ അനുഭവപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button