55ൽ താഴെയുള്ളവർക്ക് മുൻഗണന; കോൺഗ്രസിൽ സംഘടനാ പുനഃസംഘടനയ്ക്ക് നീക്കം

തിരുവനന്തപുരം: സംസ്ഥാന ഭരണത്തിന് പിന്നാലെ സംഘടനാ തലപ്പത്തും വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കോൺഗ്രസ്. മന്ത്രിസഭയിൽ പുതുമുഖങ്ങൾക്കും യുവ നേതാക്കൾക്കും അവസരം നൽകിയ മാതൃക കെപിസിസിയിലും ഡിസിസികളിലും നടപ്പാക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ ആലോചന. 55 വയസ്സിൽ താഴെയുള്ള, സംഘടനയെ സജീവമായി നയിക്കാൻ കഴിയുന്ന നേതാക്കളെ മുൻനിരയിലേക്ക് കൊണ്ടുവരണമെന്നാണ് പ്രധാന നിർദ്ദേശം.
ഭരണകാലത്ത് സംഘടന നിർജീവമാകാതിരിക്കാൻ ഊർജ്ജസ്വലരായ നേതാക്കളെ ചുമതലപ്പെടുത്തുക, പാർലമെന്ററി പദവി ലഭിക്കാത്തവരെ പാർട്ടി പദവികളിൽ നിയമിക്കുന്ന പഴയ രീതിക്ക് നിയന്ത്രണം ഏർപ്പെടുത്തുക, പ്രവർത്തനക്ഷമരായ യുവ നേതാക്കൾക്ക് മുൻഗണന നൽകുക എന്നിവയാണ് പുനഃസംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഇതിനിടെ, സംഘടനാ പദവികളെ ചൊല്ലി വിവിധ ഗ്രൂപ്പുകൾക്കിടയിൽ ചർച്ചകളും സമ്മർദ്ദ രാഷ്ട്രീയവും ശക്തമായിട്ടുണ്ട്. കെ.സി. വേണുഗോപാൽ വിഭാഗത്തിന്റെ പിന്തുണയോടെ മാത്യു കുഴൽനാടനെ നേതൃത്വത്തിലേക്ക് ഉയർത്താനുള്ള നീക്കങ്ങൾ സജീവമാണ്. എ ഗ്രൂപ്പ് ബെന്നി ബെഹനാനെ മുന്നോട്ടുവെച്ച് രംഗത്തുണ്ട്. രമേശ് ചെന്നിത്തലയുടെ പിന്തുണ ജോസഫ് വാഴയ്ക്കനാണെന്നുമാണ് സൂചന.
അതേസമയം, തനിക്ക് പലവട്ടം അവഗണന നേരിട്ട സാഹചര്യത്തിൽ ഇത്തവണ സംഘടനാ നേതൃത്വത്തിൽ പരിഗണിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വി.എസ്. ശിവകുമാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും നേതൃത്വപദവികൾ ലക്ഷ്യമിട്ട് കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുണ്ട്.



