പ്രതിപക്ഷ നിരയിൽ രണ്ടാം സീറ്റിൽ കെ.എൻ ബാലഗോപാൽ; നെഞ്ചിൽ കൈവച്ച് വി.ടി ബൽറാമിന്റെ സത്യപ്രതിജ്ഞ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ശ്രദ്ധേയ കാഴ്ചകളായി കെ.എൻ ബാലഗോപാലിന്റെയും വി.ടി ബൽറാമിന്റെയും സത്യപ്രതിജ്ഞ. പ്രതിപക്ഷ നിരയിലെ രണ്ടാം സീറ്റിലാണ് മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇരുന്നത്. സഗൗരവമായാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്.
അതേസമയം, കോൺഗ്രസ് നേതാവും തൃത്താല എംഎൽഎയുമായ വി.ടി ബൽറാം നെഞ്ചിൽ കൈവച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. ബൽറാമിന്റെ ഈ ശൈലി സഭയിൽ ശ്രദ്ധനേടി. ഇരുവരുടെയും സത്യപ്രതിജ്ഞയ്ക്ക് സഭാംഗങ്ങൾ കയ്യടിയോടെയാണ് സ്വീകരണം നൽകിയത്.
രാവിലെ 9 മണിക്കാണ് നിയമസഭയിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചത്. പ്രോടേം സ്പീക്കർ ജി. സുധാകരനാണ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ പുരോഗമിച്ചത്.
ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. വിവിധ പാർട്ടികളിലെ നേതാക്കളുടെ വ്യത്യസ്ത ശൈലിയിലുള്ള സത്യപ്രതിജ്ഞകളും സഭയിൽ ശ്രദ്ധേയമായി. ഉമ്മൻചാണ്ടിയുടെ ചിത്രം പതിച്ച ടി-ഷർട്ട് ധരിച്ച് ചാണ്ടി ഉമ്മൻ എത്തിയതും, മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ് കന്നഡയിൽ സത്യപ്രതിജ്ഞ നടത്തിയതും ശ്രദ്ധ പിടിച്ചുപറ്റി.



