മന്ത്രിസഭ വികസിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; കോൺഗ്രസ് ആറു പതിറ്റാണ്ടിന് ശേഷം വീണ്ടും ഭരണത്തിൽ

ചെന്നൈ: 23 പേരെ കൂടി ഉൾപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് മന്ത്രിസഭ വികസിപ്പിച്ചു. ഇതോടെ വിജയ് സർക്കാരിലെ മന്ത്രിമാരുടെ എണ്ണം 32 ആയി. നിയമസഭയുടെ ആകെ അംഗസംഖ്യയുടെ 15 ശതമാനം എന്ന ഭരണഘടനാ പരിധിപ്രകാരം തമിഴ്‌നാട് മന്ത്രിസഭയിൽ പരമാവധി 35 മന്ത്രിമാരെ ഉൾപ്പെടുത്താനാകും.

പുതുതായി സത്യപ്രതിജ്ഞ ചെയ്തവരിൽ 21 പേർ ടിവികെയിൽ നിന്നുള്ളവരാണ്. സഖ്യകക്ഷിയായ കോൺഗ്രസിൽ നിന്നുള്ള രണ്ട് അംഗങ്ങൾക്കും മന്ത്രിസഭയിൽ ഇടം ലഭിച്ചു. കോൺഗ്രസ് നേതാക്കളായ രാജേഷ് കുമാറും പി. വിശ്വനാഥനുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ ഏകദേശം ആറു പതിറ്റാണ്ടിന് ശേഷം കോൺഗ്രസ് വീണ്ടും തമിഴ്‌നാട് ഭരണത്തിന്റെ ഭാഗമാകുകയാണ്.

അതേസമയം, സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന പ്രധാന സഖ്യകക്ഷികളായ ഐയുഎംഎൽ, വിസികെ എന്നീ പാർട്ടികൾ മന്ത്രിസഭയിൽ ഇതുവരെ ചേർന്നിട്ടില്ല. ഇരുപാർട്ടികൾക്കും ഓരോ മന്ത്രിസ്ഥാനങ്ങൾ വീതം അനുവദിച്ചിട്ടുണ്ടെങ്കിലും ആരെ മന്ത്രിയാക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

വിസികെ, സിപിഐ, സിപിഎം, ഐയുഎംഎൽ തുടങ്ങിയ പാർട്ടികളും ഔദ്യോഗികമായി സഖ്യമന്ത്രിസഭയിൽ ചേരണമെന്ന് ടിവികെ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മേയ് 10നാണ് ഒമ്പത് മന്ത്രിമാരുമായി വിജയ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇന്നത്തെ മന്ത്രിസഭാ വികസനത്തോടെ സർക്കാരിന് കൂടുതൽ സ്ഥിരത കൈവരുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ.

1952 മുതൽ 1967 വരെ അന്നത്തെ മദ്രാസ് സംസ്ഥാനമായിരുന്ന തമിഴ്‌നാട് കോൺഗ്രസ് ഭരിച്ചിരുന്നു. 1967ൽ സി.എൻ അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഡിഎംകെ കോൺഗ്രസിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാന ഭരണത്തിൽ കോൺഗ്രസിന് പങ്കാളിത്തം ലഭിച്ചിരുന്നില്ല.

തുടർന്നുള്ള കാലങ്ങളിൽ ഡിഎംകെയും എഐഎഡിഎംകെയും നയിച്ച സഖ്യങ്ങളിൽ കോൺഗ്രസ് ഉണ്ടായിരുന്നെങ്കിലും മന്ത്രിസഭയിൽ ഇടം ലഭിച്ചിരുന്നില്ല. 2006-11 കാലഘട്ടത്തിൽ ഡിഎംകെ സർക്കാരിൽ മന്ത്രിസ്ഥാനം നേടാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യകക്ഷിയായി മത്സരിച്ച കോൺഗ്രസിന് അഞ്ച് എംഎൽഎമാരെയാണ് ലഭിച്ചത്. എന്നാൽ ഫലപ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് ഡിഎംകെ സഖ്യം വിട്ട് വിജയ് നയിക്കുന്ന ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. 234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയിൽ ടിവികെയ്ക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ കോൺഗ്രസിന്റെ പിന്തുണ സർക്കാരിന് നിർണായകമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button