എംഎൽഎമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ? ശമ്പളവും പെൻഷനും ഉൾപ്പെടെ വിശദാംശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നതിനിടെ, ഒരു എംഎൽഎയ്ക്ക് ലഭിക്കുന്ന ശമ്പളവും വിവിധ ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന ചർച്ച വീണ്ടും ശ്രദ്ധനേടുന്നു. ഫിക്സഡ് ശമ്പളം കുറഞ്ഞതാണെങ്കിലും വിവിധ അലവൻസുകളും യാത്രാ സൗകര്യങ്ങളും ഉൾപ്പെടെ വലിയ തോതിലുള്ള ആനുകൂല്യങ്ങളാണ് എംഎൽഎമാർക്ക് സർക്കാർ നൽകുന്നത്.

നിലവിൽ ഒരു എംഎൽഎയ്ക്ക് ശമ്പളം എന്ന പേരിൽ ലഭിക്കുന്നത് പ്രതിമാസം 2,000 രൂപയാണ്. എന്നാൽ നിയോജക മണ്ഡല അലവൻസ്, ഫോൺ അലവൻസ്, യാത്രാബത്ത തുടങ്ങിയവ ഉൾപ്പെടെ പ്രതിമാസ അലവൻസുകൾ ഏകദേശം 70,000 രൂപവരെ എത്തും.

നിയോജക മണ്ഡല അലവൻസായി 25,000 രൂപയും ഫോൺ വാടകയായി 11,000 രൂപയും അനുവദിക്കുന്നുണ്ട്. ഇൻഫർമേഷൻ അലവൻസ് 4,000 രൂപയും സൽക്കാരത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി 8,000 രൂപയും ലഭിക്കും. യാത്രാബത്തയായി കുറഞ്ഞത് 20,000 രൂപ വരെ അനുവദിക്കുന്നതോടെയാണ് ആകെ പ്രതിമാസ ആനുകൂല്യം ഉയരുന്നത്.

എംഎൽഎ ഹോസ്റ്റലിലെ മുറിവാടകയും വളരെ കുറഞ്ഞ നിരക്കിലാണ്. പഴയ ഹോസ്റ്റൽ മുറിക്ക് പ്രതിമാസം 50 രൂപയും പുതിയ കെട്ടിടത്തിലെ മുറിക്ക് 100 രൂപയുമാണ് ഈടാക്കുന്നത്. റോഡ് യാത്രയ്ക്ക് കിലോമീറ്ററിന് 10 രൂപയും ട്രെയിൻ യാത്രയ്ക്ക് ഫസ്റ്റ് ക്ലാസ് എസി ടിക്കറ്റ് നിരക്കിനൊപ്പം കിലോമീറ്ററിന് 25 പൈസയും ലഭിക്കും. റോഡിലോ റെയിലിലോ യാത്ര ചെയ്യുന്നതിനുള്ള ദൂരപരിധിയും നിശ്ചയിച്ചിട്ടില്ല.

വാഹന ഇന്ധനത്തിനും ട്രെയിൻ യാത്രാ കൂപ്പണുകൾക്കുമായി പ്രതിവർഷം നാല് ലക്ഷം രൂപവരെ അനുവദിക്കും. ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കാൻ വിമാനയാത്രയ്ക്കായി 50,000 രൂപവരെയും ലഭിക്കും. നിയമസഭാ സമ്മേളനങ്ങളിലോ ഔദ്യോഗിക യോഗങ്ങളിലോ പങ്കെടുക്കുമ്പോൾ പ്രതിദിന അലവൻസായും തുക അനുവദിക്കുന്നുണ്ട്. കേരളത്തിനുള്ളിൽ ആയിരം രൂപയും സംസ്ഥാനത്തിന് പുറത്താണെങ്കിൽ 1,200 രൂപയുമാണ് പ്രതിദിന അലവൻസ്.

കെഎസ്ആർടിസി ബസുകളിലും ബോട്ടുകളിലും എംഎൽഎമാർക്ക് സൗജന്യ യാത്രാ സൗകര്യമുണ്ട്. ചികിത്സാച്ചെലവ് സർക്കാർ വഹിക്കും. 10 ലക്ഷം രൂപവരെ പലിശരഹിത വാഹന വായ്പയും 20 ലക്ഷം രൂപവരെ ഭവന വായ്പ അഡ്വാൻസായും അനുവദിക്കും. പുസ്തകങ്ങൾ വാങ്ങാൻ പ്രതിവർഷം 15,000 രൂപയും അപകട ഇൻഷുറൻസായി 20 ലക്ഷം രൂപവരെയും സർക്കാർ ചെലവിൽ ലഭിക്കും.

ഒരു അണ്ടർ സെക്രട്ടറി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥന്റെ സേവനവും എംഎൽഎയ്ക്ക് ലഭ്യമാക്കാം. ഇതിനായി 20,000 രൂപ സ്റ്റാഫ് അലവൻസായും അനുവദിക്കുന്നുണ്ട്.

മുൻ എംഎൽഎമാർക്കും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയ മുൻ എംഎൽഎയ്ക്ക് പ്രതിമാസം 20,000 രൂപ പെൻഷൻ ലഭിക്കും. നാല് വർഷം അംഗമായിരുന്നവർക്ക് 16,000 രൂപയും മൂന്ന് വർഷം അംഗമായിരുന്നവർക്ക് 12,000 രൂപയും ലഭിക്കും. രണ്ട് വർഷമോ അതിൽ താഴെയോ കാലാവധി പൂർത്തിയാക്കിയവർക്ക് 8,000 രൂപയാണ് പെൻഷൻ. അഞ്ച് വർഷത്തിന് മുകളിലുള്ള ഓരോ അധിക വർഷത്തിനും ആയിരം രൂപ വീതം കൂട്ടിച്ചേർക്കും. എന്നാൽ പരമാവധി പെൻഷൻ 50,000 രൂപയായി നിശ്ചയിച്ചിരിക്കുന്നു.

കൂടാതെ മുൻ എംഎൽഎമാർക്ക് യാത്രാച്ചെലവിനായി പ്രതിവർഷം ഒരു ലക്ഷം രൂപവരെ അനുവദിക്കുന്നുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button