മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് ഇന്ന് 66-ാം ജന്മദിനം മോഹൻലാലിന് ജന്മദിനാശംസകളുമായി മമ്മൂട്ടിയെത്തി

മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ഇന്ന് തന്റെ 66-ാം ജന്മദിനം ആഘോഷിക്കുകയാണ്. ദശാബ്ദങ്ങളായി മലയാള സിനിമയെ തന്റെ അഭിനയത്തികവുകൊണ്ട് ലോകനിലവാരത്തിലേക്ക് ഉയർത്തിയ മഹാനടന് സിനിമാലോകവും ആരാധകരും ഹൃദയം നിറഞ്ഞ ആശംസകളാണ് നേരുന്നത്. സമൂഹമാധ്യമങ്ങൾ നിറയെ താരത്തിന് ആശംസകൾ നേർന്നുള്ള ചിത്രങ്ങളും കുറിപ്പുകളും കൊണ്ട് നിറയുകയാണ്. പതിവുപോലെ മമ്മൂട്ടിയാണ് സഹപ്രവർത്തകനും സുഹൃത്തുമായ മോഹൻലാലിന് ആദ്യം ആശംസകൾ അറിയിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് ‘പ്രിയപ്പെട്ട ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്നാണ് മമ്മൂട്ടി കുറിച്ചത്.
സിനിമയിലെ സൗഹൃദത്തിന്റെ നേർക്കാഴ്ചകൾക്കപ്പുറം, ഇരുവരും ഒന്നിച്ചെത്തിയ ‘പേട്രിയറ്റ്’ എന്ന ചിത്രവും വലിയ വിജയമായി മുന്നേറുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും കൂടാതെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, ദർശന രാജേന്ദ്രൻ, രേവതി, ഗ്രേസ് ആന്റണി, ഷെറിൻ ശിഹാബ് തുടങ്ങി വമ്പൻ താരനിരയാണുള്ളത്. പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ഇവരെ ഒന്നിച്ചു കാണാൻ സാധിച്ചതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ.
തന്റെ ജന്മദിനത്തിൽ മറ്റൊരു പ്രധാന വിശേഷം കൂടി മോഹൻലാൽ ആരാധകരെ തേടിയെത്തുന്നുണ്ട്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം 3’ ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. ആദ്യ രണ്ടു ഭാഗങ്ങൾ നൽകിയ വൻവിജയത്തിന്റെ തുടർച്ച മൂന്നാം ഭാഗത്തിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം. മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ, സിദ്ധിഖ്, ആശ ശരത്, മുരളി ഗോപി, കലാഭവൻ ഷാജോൺ തുടങ്ങി മികച്ച താരനിര തന്നെ ചിത്രത്തിലുണ്ട്.



