കനൽ വഴികൾ താണ്ടിയിട്ടും നിരാശ അറിയാത്ത ചെന്നിത്തല” രാഷ്ട്രീയ നീക്കങ്ങൾക്കിടയിൽ വീണ്ടും ചർച്ചയായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് നേതൃത്വത്തിലെ രാഷ്ട്രീയ നീക്കങ്ങളും നേതൃപോരാട്ടങ്ങളും വീണ്ടും ചർച്ചയാകുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേര് ശക്തമായി ഉയർന്നിരുന്നുവെങ്കിലും അവസാന നിമിഷ രാഷ്ട്രീയ സമവാക്യങ്ങൾ എല്ലാം മാറ്റിമറിച്ചുവെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്നുള്ള സൂചന.
10 വർഷത്തെ രാഷ്ട്രീയ വനവാസത്തിനു ശേഷം കേരള ഭരണത്തിന്റെ ഉയരങ്ങളിലേക്ക് വീണ്ടും എത്തുമെന്ന പ്രതീക്ഷയിലാണ് ചെന്നിത്തല അനുകൂലികൾ ഉണ്ടായിരുന്നത്. എന്നാൽ വ്യാഴാഴ്ച രാത്രിയോടെ നടന്ന ദില്ലി ചർച്ചകൾക്കും പിന്നാലെ സ്ഥിതി മാറി. ലീഗിന്റെയും മറ്റ് ശക്തികളുടെയും സമ്മർദ്ദം, വയനാട് ലോക്സഭാ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ, കേന്ദ്രനേതൃത്വത്തിന് മേലുള്ള സ്വാധീനം എന്നിവയാണ് സമവാക്യങ്ങൾ മാറ്റിയതെന്നാണ് ആരോപണം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒടുവിൽ വി.ഡി. സതീശന്റെ പേര് മുന്നിലെത്തിയതോടെ ചെന്നിത്തലയെ പിന്തുണച്ച വൃത്തങ്ങളിൽ നിരാശ പ്രകടമായി. എന്നാൽ രാഷ്ട്രീയത്തിൽ നിരാശയില്ലെന്ന നിലപാട് എന്നും തുറന്നു പറഞ്ഞ നേതാവാണ് രമേശ് ചെന്നിത്തല. “സ്ഥാനങ്ങൾ വരികയും പോകുകയും ചെയ്യും, അതിലൊന്നും നിരാശപ്പെടാനില്ല” എന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം നിലപാട്.
കേരള കോൺഗ്രസ് സംഘടനാ രംഗത്ത് നിർണായക പങ്കുവഹിച്ച നേതാവാണ് ചെന്നിത്തല. കെപിസിസി പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം ദേശീയ നേതൃത്വത്തിന്റെയും വിശ്വാസം നേടിയ വ്യക്തിത്വമായിരുന്നു. സാധാരണക്കാരുമായി ഇഴുകിചേരുന്ന ശൈലി, സാംസ്കാരിക മേഖലയുമായുള്ള അടുത്ത ബന്ധം, എളിമയും അക്ഷോഭ്യതയും അദ്ദേഹത്തെ വേറിട്ട നേതാവാക്കി.
കേരളത്തിലെ ഗ്രാമങ്ങളെയും ആദിവാസി മേഖലകളെയും നേരിൽ കണ്ടറിഞ്ഞ നേതാവെന്ന നിലയിലും ചെന്നിത്തല ശ്രദ്ധേയനാണ്. അധികാരം വ്യക്തിപരമായ നേട്ടത്തിനല്ല, പൊതുപ്രയോജനത്തിനായിരിക്കണം എന്ന നിലപാട് അദ്ദേഹം തുടർച്ചയായി ഉയർത്തിപ്പിടിച്ചു.
സിൽവർ ലൈൻ വിഷയത്തിൽ എഴുതിയ പുസ്തകവും അടുത്തിടെ പുറത്തിറങ്ങിയ ‘നിയോഗം’ എന്ന നോവലും അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തിന് പുറമേ സർഗാത്മക മുഖവും തെളിയിച്ചു.
രാഷ്ട്രീയത്തിൽ ഉയർച്ചയും താഴ്ചയും സ്വാഭാവികമാണെങ്കിലും പാർട്ടിയോടുള്ള ആത്മാർത്ഥതയിൽ വിട്ടുവീഴ്ച ചെയ്യാത്ത നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല ഇപ്പോഴും കോൺഗ്രസിലെ പ്രധാന സാന്നിധ്യമാണ്. പുതിയ മന്ത്രിസഭ രൂപം കൊണ്ട സാഹചര്യത്തിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളും ഭാവി ഇടപെടലുകളും കൂടുതൽ ശ്രദ്ധേയമാകുമെന്നതാണ് വിലയിരുത്തൽ.



