ക്ലിഫ് ഹൗസിന് പിന്നാലെ ചിന്ത ഫ്ലാറ്റും ഒഴിയുന്നു; പുതിയ വാടകവീട്ടിലേക്ക് മാറാൻ പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാജിവച്ച് കാവൽ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ തലസ്ഥാനത്ത് പുതിയ വാടകവീട്ടിലേക്ക് താമസം മാറുന്നു. ഡൽഹിയിൽ നടക്കുന്ന സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനായി പോയിരിക്കുന്ന പിണറായി വിജയൻ മടങ്ങിയെത്തുമ്പോൾ പുതിയ വീട്ടിലായിരിക്കും താമസം.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചതിന് പിന്നാലെ അദ്ദേഹം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിഞ്ഞ് ചിന്ത ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. ഇപ്പോഴാണ് പുതിയ വാടകവീട്ടിലേക്ക് മാറാനുള്ള തീരുമാനം.
അതേസമയം, പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോയെന്ന കാര്യത്തിൽ സി.പി.എം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഡൽഹിയിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലും വിഷയം ചർച്ചയായെങ്കിലും ഔദ്യോഗിക നിലപാട് പുറത്തുവന്നിട്ടില്ല.
യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട സി.പി.എം ജനറൽ സെക്രട്ടറി എം എ ബേബി, പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയില്ല. എന്നാൽ തിരഞ്ഞെടുപ്പ് തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും പിണറായി വിജയനിൽ മാത്രം ചുമത്താനാകില്ലെന്നും അത് പാർട്ടിയുടെ കൂട്ടുത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ തെറ്റുതിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും, നേതൃമാറ്റം ആവശ്യമാണോ എന്നതിൽ പിന്നീട് തീരുമാനമുണ്ടാകുമെന്നും എം എ ബേബി കൂട്ടിച്ചേർത്തു.



