മുഖ്യമന്ത്രി ആര്? എംഎൽഎ പിന്തുണയിൽ കെ സി വേണുഗോപാൽ മുന്നിലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ക്യാമ്പിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾ സജീവമാകുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് അനുകൂലമായ പിന്തുണ ശക്തമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. എഐസിസി നിരീക്ഷകർ വ്യാഴാഴ്ച നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയിൽ, തിരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും കെ സി വേണുഗോപാലിന്റെ പേരാണ് നിർദ്ദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും വേണുഗോപാലിനെ പിന്തുണച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. സണ്ണി ജോസഫിന് പുറമെ സന്ദീപ് ജി വാര്യർ, സജീവ് ജോസഫ്, ടി ഒ മോഹൻ, ഉഷാ വിജയൻ തുടങ്ങിയവരും കെ സി വേണുഗോപാലിനെ പിന്തുണച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായി രംഗത്തുള്ള രമേശ് ചെന്നിത്തലയ്ക്ക് എംഎൽഎമാരുടെ പിന്തുണയിൽ തിരിച്ചടി നേരിട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചെന്നിത്തലയുടെ വിശ്വസ്തനായി കണക്കാക്കപ്പെടുന്ന ഐ സി ബാലകൃഷ്ണൻ പോലും വേണുഗോപാലിനെയും ചെന്നിത്തലയെയും ഒരുപോലെ പിന്തുണച്ചതായാണ് വിവരം. ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ജനപ്രിയ നേതാവെന്ന നിലയിൽ ഉയർത്തിക്കാട്ടപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ആറ് എംഎൽഎമാർ പിന്തുണച്ചതായും റിപ്പോർട്ടിലുണ്ട്. സതീശനും ചെന്നിത്തലയും എഐസിസി നിരീക്ഷകരെ നേരിൽ കണ്ട് തങ്ങളുടെ അവകാശവാദങ്ങൾ അവതരിപ്പിച്ചപ്പോൾ കെ സി വേണുഗോപാൽ കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിന്നതും ശ്രദ്ധേയമായി.
അടുത്ത മുഖ്യമന്ത്രിയെ നാമനിർദ്ദേശം ചെയ്യാനുള്ള ചുമതല കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഐകകണ്ഠ്യേന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ചയോ ഞായറാഴ്ചയോ പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. തുടർന്ന് രണ്ട് ദിവസത്തിനകം മുഖ്യമന്ത്രിയും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ട്.
ഇതിനിടെ യുഡിഎഫ് ഘടകകക്ഷികളും സമവായ ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വി ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച മുസ്ലിം ലീഗ്, ഹൈക്കമാൻഡ് തീരുമാനം വന്നതിന് ശേഷം മാത്രമേ അന്തിമ നിലപാട് വ്യക്തമാക്കൂവെന്ന് അറിയിച്ചിട്ടുണ്ട്. ഇത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന വിമർശനവും കോൺഗ്രസിനകത്തും ലീഗിനകത്തും ഉയരുന്നുണ്ട്.
പാർട്ടിയുടെ സീറ്റുകൾ 21ൽ നിന്ന് 63ലേക്ക് ഉയർത്തിയതിൽ തന്റെ പങ്ക് വി ഡി സതീശൻ എഐസിസി നിരീക്ഷകർക്ക് മുന്നിൽ വിശദീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, സീനിയോറിറ്റിയും അനുഭവസമ്പത്തും പരിഗണിച്ച് ഇത് അവസാന അവസരമായി നൽകണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.
കെ സി വേണുഗോപാൽ പിന്തുണ പട്ടികയിൽ മുന്നിലെന്ന സാഹചര്യത്തിൽ അന്തിമ തീരുമാനത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാട് നിർണായകമാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്. കൂടുതൽ ചർച്ചകൾ ആവശ്യമെങ്കിൽ വി ഡി സതീശനെയും രമേശ് ചെന്നിത്തലയെയും ഹൈക്കമാൻഡ് ദില്ലിയിലേക്ക് വിളിപ്പിക്കാനും സാധ്യതയുണ്ട്. കേരള രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിയുന്ന സാഹചര്യമാണിപ്പോൾ രൂപപ്പെടുന്നത്.



