മുഖ്യമന്ത്രിപ്പോരിൽ കോൺഗ്രസിൽ വാശിയേറും; നേതാക്കളെ പ്രത്യേകം കണ്ട് നിരീക്ഷകർ

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള കോൺഗ്രസ് നീക്കങ്ങൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ എഐസിസി നിരീക്ഷകരുടെ നേതൃചർച്ചകൾ തലസ്ഥാനത്ത് പുരോഗമിക്കുന്നു. കെ. സുധാകരൻ, വി.എം. സുധീരൻ, കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി നിരീക്ഷകർ കൂടിക്കാഴ്ച നടത്തി. പി.ജെ. കുര്യൻ, മാത്യു കുഴൽനാടൻ തുടങ്ങിയ നേതാക്കളും തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.

കോൺഗ്രസ് എംഎൽഎമാർ ഓരോരുത്തരും തലസ്ഥാനത്തെത്തിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ 2021ലെ വിവാദങ്ങൾ ആവർത്തിക്കരുതെന്ന ശക്തമായ നിർദേശമാണ് മുതിർന്ന നേതാക്കൾ ഉയർത്തുന്നത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയ രീതിയിലുള്ള അസന്തോഷം വീണ്ടും ഉണ്ടാകരുതെന്നും ആരെ മുഖ്യമന്ത്രിയാക്കിയാലും മറ്റു നേതാക്കളെ വിശ്വാസത്തിൽ എടുക്കണമെന്നും നേതാക്കൾ എഐസിസി നിരീക്ഷകരോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

ഇതിനിടെ മുഖ്യമന്ത്രിപദം ലക്ഷ്യമിട്ട് വിവിധ നേതാക്കൾക്ക് അനുകൂലമായ പോസ്റ്ററുകൾ സംസ്ഥാനത്തെ തെരുവുകളിൽ നിറഞ്ഞുകഴിഞ്ഞു. നേതൃത്വപ്പോരിന്റെ പ്രതിഫലനം പൊതുവേദികളിലേക്കും വ്യാപിച്ചതിൽ കോൺഗ്രസ് ദേശീയ നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ ഘടകകക്ഷികളുടെ അഭിപ്രായവും നിർണായകമാകുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി ഇന്ന് വൈകിട്ട് നാലരയ്ക്ക് എഐസിസി നിരീക്ഷകർ ചർച്ച നടത്തും. മുസ്ലിം ലീഗ് നേതാക്കളടക്കം ഇതിനായി തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

വിഡി സതീശന് പിന്തുണ അറിയിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പിന്നീട് നിലപാട് മയപ്പെടുത്തിയെങ്കിലും, ലീഗ് നേതാവും എംഎൽഎയുമായ കെ.എം. ഷാജി വീണ്ടും സതീശന് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, കോൺഗ്രസ് മന്ത്രിസഭ രൂപീകരണ കാര്യത്തിൽ തീരുമാനം വൈകാനാണ് സാധ്യത. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരുമാകും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. തുടർന്ന് ഹൈക്കമാൻഡിന്റെ മേൽനോട്ടത്തിൽ കോൺഗ്രസ് മന്ത്രിമാരെ തീരുമാനിക്കും. ഗ്രൂപ്പ് താൽപര്യങ്ങൾക്ക് പകരം മെറിറ്റിന് പ്രാധാന്യം നൽകണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിർദേശമെന്നാണ് റിപ്പോർട്ട്.

മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പിന്തുണ കണക്കുകൂട്ടലുകളും സജീവമാണ്. കെ.സി. വേണുഗോപാൽ പക്ഷം 47 എംഎൽഎമാരുടെ പിന്തുണ ഉറപ്പിച്ചതായി അവകാശപ്പെടുമ്പോൾ, രമേശ് ചെന്നിത്തലക്ക് കുറഞ്ഞത് 16 എംഎൽഎമാരുടെ പിന്തുണ ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ ക്യാമ്പിന്റെ വിലയിരുത്തൽ. വി.ഡി. സതീശൻ പക്ഷം ഒൻപത് എംഎൽഎമാർ ഒപ്പമുണ്ടെന്നും അവകാശപ്പെടുന്നു.

എന്നാൽ, എഐസിസി നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയിൽ എംഎൽഎമാർ നിലപാട് മാറ്റുമോയെന്ന ആശങ്ക വിവിധ ഗ്രൂപ്പുകളിലും നിലനിൽക്കുന്നു. മന്ത്രിസ്ഥാനം ഉൾപ്പെടെ വാഗ്ദാനങ്ങൾ നൽകിയെന്ന സൂചനകളും രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്നുണ്ട്.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്തെ ചേരി തിരിഞ്ഞ സ്വീകരണങ്ങളും പ്രചാരണങ്ങളും ദേശീയ നേതൃത്വത്തെ അസ്വസ്ഥരാക്കിയിട്ടുണ്ട്. വിഷയത്തിൽ രാഹുൽ ഗാന്ധി നേരിട്ട് വിവരങ്ങൾ തേടിയതായും അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വ്യാപകമായി ഇമെയിലുകൾ അയക്കാനുള്ള ആഹ്വാനവും ഗൗരവത്തോടെ കാണുന്നതായും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം മുഖ്യമന്ത്രിയാരാകണമെന്ന കാര്യത്തിൽ മല്ലികാർജുൻ ഖർഗെയോടും രാഹുൽ ഗാന്ധി വ്യക്തമായ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *