നിർണ്ണായക മണിക്കൂറുകൾ; തലസ്ഥാനത്ത് യുഡിഎഫ് പടയൊരുക്കം, കണ്ണൂരിൽ ഫലം നിരീക്ഷിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കാനിരിക്കെ വിജയപ്രതീക്ഷയോടെ മുന്നണി നേതാക്കൾ പാർട്ടി ആസ്ഥാനങ്ങളിൽ സജ്ജമായി. കോൺഗ്രസിന്റെയും ബിജെപിയുടെയും മുതിർന്ന നേതാക്കൾ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലാണ് ഫലപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത്.

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എ.കെ.ജി. സെന്ററിലും, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.എൻ. സ്മാരകത്തിലും തുടരുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലാണുള്ളത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കന്റോൺമെന്റ് ഹൗസിലും ക്യാമ്പ് ചെയ്യുന്നു.

കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് എന്നിവരടക്കം പ്രമുഖ നേതാക്കൾ ഒത്തുകൂടിയിട്ടുണ്ട്. എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ്മുൻഷിയും കെ.സി. വേണുഗോപാലും ഇവിടെ തന്നെ തുടരുന്നു.

വിജയം ഉറപ്പായാൽ സർക്കാർ രൂപീകരണത്തിനുള്ള നടപടികളിലേക്ക് യുഡിഎഫ് കടക്കും. ഇതിനായി ചൊവ്വാഴ്ച സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേർന്നേക്കും. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഘടകകക്ഷികളുടെ അഭിപ്രായവും തേടും.

അതേസമയം, എൽ.ഡി.എഫ് ചൊവ്വാഴ്ച നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരാനാണ് തീരുമാനം. മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തുന്ന സാഹചര്യത്തിൽ അവസാന മന്ത്രിസഭാ യോഗവും നടക്കാൻ സാധ്യതയുണ്ട്. സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബിയും യോഗത്തിൽ പങ്കെടുക്കും.

നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ വലിയ പ്രതീക്ഷ പുലർത്തുന്ന ബിജെപി തിരുവനന്തപുരത്ത് വൻ ആഘോഷങ്ങൾക്ക് തയ്യാറെടുക്കുകയാണ്. സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കുന്ന ഫലത്തിനായി കേരളം മുഴുവൻ കാത്തിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *