കോതമംഗലത്ത് സിനിമാ സ്റ്റൈൽ പോലീസ് ഓപ്പറേഷൻ! അർജുൻ ആയങ്കിയെയും കൂട്ടാളികളും അറസ്റ്റിൽ

പുന്നേക്കാട് കരിയിലപ്പാറയിലെ റിസോർട്ടിൽ അന്തർജില്ലാ ക്രിമിനൽ സംഘം രഹസ്യയോഗം നടത്തിയെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ മിന്നൽ റെയ്ഡിൽ അർജുൻ ആയെങ്കി ഉൾപ്പെടെ 6 പേർ കസ്റ്റഡിയിൽ.
ഹൈവേ റോബറി, കൊലപാതകശ്രമം, മയക്കുമരുന്ന് കടത്ത്, മോചനദ്രവ്യത്തിനായി മനുഷ്യക്കടത്ത്, സ്വർണക്കടത്ത്, സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങി നിരവധി ഗുരുതര കേസുകളിൽ പ്രതികളായ സംഘമാണ് പിടിയിലായത്.
ആഡംബര കാറുകളിൽ എത്തിയ ഇവർ പുതിയ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാനായാണ് ഒത്തുകൂടിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ജില്ലാ പോലീസ് മേധാവി കെ. സുദർശന്റെ നേതൃത്വത്തിലുള്ള “ഓപ്പറേഷൻ സ്റ്റീൽ ബേർഡ്” ഭാഗമായാണ് നടപടി.
അർജുൻ ആയെങ്കിക്കെതിരെ മാത്രം 8 കേസുകൾ നിലവിലുണ്ട്. മറ്റു പ്രതികൾക്കും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
“കോതമംഗലത്ത് എത്തിയത് എന്തിന്?” — പോലീസിന്റെ ഈ ചോദ്യമാണ് ഇപ്പോൾ അന്വേഷണം കൂടുതൽ ഗൗരവത്തിലാക്കുന്നത്. സംഘടിത കുറ്റകൃത്യ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് എടുത്ത് അന്വേഷണം വ്യാപിപ്പിച്ചു.



