കേരളം ആര് ഭരിക്കും? വോട്ടെണ്ണൽ പുരോഗമിക്കുന്നു, എല്‍ഡിഎഫും യുഡിഎഫും കടുത്ത പോരാട്ടത്തില്‍

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ ആവേശത്തിലാഴ്ത്തി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. സംസ്ഥാനത്തെ 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. പോസ്റ്റൽ ബാലറ്റുകളുടെ എണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണുള്ളത്. നാല് സീറ്റുകളിൽ എൽഡിഎഫ് ആദ്യ ലീഡ് നേടിയിട്ടുണ്ട്. ഇതിനിടെ ഇവിഎം വോട്ടുകളുടെ എണ്ണലും ആരംഭിച്ചു. രാവിലെ 9 മണിയോടെ ആദ്യ ഫലസൂചനകൾ വ്യക്തമായിത്തുടങ്ങും. ഉച്ചയോടെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ സമ്പൂർണ ചിത്രം പുറത്തുവരുമെന്നാണ് പ്രതീക്ഷ.
ഫലം തത്സമയം അറിയുന്നതിനായി വിവിധ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ ഉൾപ്പെടെ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് മുഴുവൻ ഫലപ്രഖ്യാപനവും പൂർത്തിയാകുമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചത്.
പ്രധാന മണ്ഡലങ്ങളിലെ ലീഡ് നിലയും ശ്രദ്ധേയമാണ്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടക്കം മുതൽ ലീഡ് നിലനിർത്തുകയാണ്. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ മുന്നിലാണ്. മഞ്ചേശ്വരത്തും എൻഡിഎയ്ക്കാണ് മുൻതൂക്കം. നേമത്ത് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി ലീഡ് ചെയ്യുമ്പോൾ, തൃശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലൻ മുന്നിലാണ്. തിരുവനന്തപുരം മണ്ഡലത്തിൽ സി.പി. ജോൺ ലീഡിലാണ്. അങ്കമാലിയിൽ റോജി എം. ജോണും തൃത്താലയിൽ വി.ടി. ബൽറാമും മുന്നിലാണ്. തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസും ലീഡ് തുടരുന്നു.
അതേസമയം, കളമശ്ശേരി മണ്ഡലത്തിലെ മൂന്നാം നമ്പർ മുറിയിലെ സ്ട്രോങ്ങ് റൂം തുറക്കാത്തത് ആശങ്കയ്ക്ക് ഇടയാക്കി. പൂട്ട് തകർത്ത് മുറി തുറക്കേണ്ട സാഹചര്യമുണ്ടാകാമെന്നാണ് റിപ്പോർട്ട്.
പത്ത് വർഷത്തിന് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളിക്കളയുന്ന എൽഡിഎഫ്, നേരിയ ഭൂരിപക്ഷത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. കേരളത്തിൽ നിർണായക ശക്തിയാകുക എന്ന ലക്ഷ്യം ഇത്തവണ സാധ്യമാകുമെന്നാണ് ബിജെപിയും വിലയിരുത്തുന്നത്.
മുഖ്യമന്ത്രി കണ്ണൂരിലെ വസതിയിൽ നിന്നായിരിക്കും ഫലവിവരങ്ങൾ നിരീക്ഷിക്കുക. വി.ഡി. സതീശൻ കന്റോൺമെന്റ് ഹൗസിലും, കെപിസിസി അധ്യക്ഷൻ പാർട്ടി ആസ്ഥാനത്തും തുടരും. എൽഡിഎഫ് നേതാക്കൾ എകെജി സെന്ററിലും ബിജെപി നേതാക്കൾ മാരാർജി ഭവനിലും നിന്നാണ് ഫലപ്രവർത്തനങ്ങൾ വിലയിരുത്തുന്നത്.



