കണ്ണൂരിൽ വി ഡി സതീശൻ അനുകൂല ഫ്ലക്സ് ബോർഡുകൾ; ‘നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ’ എന്ന സന്ദേശം

കണ്ണൂർ: വീണ്ടും വി ഡി സതീശൻ അനുകൂല ഫ്ലക്സ് ബോർഡുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. കണ്ണൂർ ശ്രീകണ്ഠാപുരത്താണ് ഇന്ന് “നിയമുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.
കോട്ടൂർവയൽ കോൺഗ്രസ് കമ്മിറ്റിയുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് പ്രവർത്തിച്ച ബൂത്ത് കമ്മിറ്റിയാണിതെന്നാണ് വിവരം. എന്നാൽ ഫ്ലക്സ് സ്ഥാപിച്ചതിന്റെ ഉത്തരവാദിത്തം ഇതുവരെ ഔദ്യോഗികമായി ആരും ഏറ്റെടുത്തിട്ടില്ല.
എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ വി ഡി സതീശന് അനുകൂലമായ ഫ്ലക്സുകൾ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്നലെ തൊടുപുഴയിൽ “പട നയിച്ചവൻ നാട് നയിക്കും” എന്നെഴുതിയ ഫ്ലക്സും “നിലപാടിന്റെ രാജകുമാരന് അഭിവാദ്യം” എന്ന സന്ദേശവുമുള്ള ബോർഡും സ്ഥാപിച്ചിരുന്നു.
ഇതിനിടെ, പത്തുവർഷത്തെ ഇടതുപക്ഷ ഭരണത്തിന് തിരിച്ചടിയായി കേരളത്തിൽ യുഡിഎഫ് സർക്കാർ വരുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും സൂചിപ്പിക്കുന്നത്. ആക്സിസ് മൈ ഇന്ത്യ സർവേ യുഡിഎഫിന് 78–90 സീറ്റുകൾ പ്രവചിക്കുമ്പോൾ, പീപ്പിൾസ് പൾസ് 75–85 സീറ്റുകളും CNN-വോട്ട് വൈബ് 70–80 സീറ്റുകളും പ്രവചിക്കുന്നു. മറ്റ് സർവേകളും യുഡിഎഫിന് അനുകൂലമായ പ്രവചനങ്ങളാണ് നൽകുന്നത്.



