ദളപതി സന്ദർശന അഭ്യൂഹം: വേളാങ്കണ്ണി പള്ളിയിൽ ഒരു നോക്കുകാണാൻ ആയിരങ്ങൾ തടിച്ചുകൂടി മുദ്രാവാക്യം വിളികൾ

വേളാങ്കണ്ണി: നടനും തമിഴക വെട്രി കഴകം (ടിവികെ) സ്ഥാപകനുമായ വിജയ് വേളാങ്കണ്ണി ബസിലിക്ക സന്ദർശിക്കുമെന്ന അഭ്യൂഹങ്ങളെ തുടർന്ന് പ്രദേശത്ത് ഇന്നലെ രാത്രിയോടെ ആയിരങ്ങൾ തടിച്ചുകൂടി. ഇന്ന് പ്രത്യേക പ്രാർത്ഥനയിൽ വിജയ് പങ്കെടുക്കുമെന്ന വാർത്ത പ്രചരിച്ചതോടെയാണ് ജനക്കൂട്ടം വർധിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി വിജയ് വിവിധ മതാരാധനാലയങ്ങൾ സന്ദർശിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് വേളാങ്കണ്ണിയിലും നാഗപട്ടണത്തെ നാഗൂർ ദർഗയിലും അദ്ദേഹത്തിന്റെ സന്ദർശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉയർന്നത്. ഇതോടെ ടിവികെ അനുകൂലികൾ മുദ്രാവാക്യം വിളികളോടെ പ്രദേശത്ത് തമ്പടിച്ചു.

ജനക്കൂട്ടം നിയന്ത്രണം വിട്ടതോടെ വേളാങ്കണ്ണി പള്ളി അധികൃതർ നിശബ്ദത പാലിക്കാനും ആൾക്കൂട്ടം ഒഴിവാക്കാനും അഭ്യർത്ഥിച്ചു.

അതേസമയം, തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രം, ഷിർദ്ദി സായി ബാബ ക്ഷേത്രം എന്നിവയും വിജയ് ഇതിനുമുമ്പ് സന്ദർശിച്ചിരുന്നു. ചെന്നൈയിൽ നിന്ന് സ്വകാര്യ വിമാനത്തിലെത്തിയാണ് ഈ സന്ദർശനങ്ങൾ നടത്തിയത്. ടിവികെ രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് അദ്ദേഹം തിരുച്ചെന്തൂർ ക്ഷേത്രത്തിൽ എത്തുന്നത്. ക്ഷേത്രത്തിൽ ഷാൾ, വേൽ, പൂർണകുംഭം എന്നിവ നൽകി അദ്ദേഹത്തെ സ്വീകരിച്ചിരുന്നു.

ഇതിനിടെ, ടിവികെയുടെ പ്രകടനം പ്രതീക്ഷിച്ചതിലും മികച്ചതാകുമെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾ രാഷ്ട്രീയ ശ്രദ്ധ നേടി. ആക്സിസ് മൈ ഇന്ത്യയുടെ സർവേ ടിവികെയ്ക്ക് അനുകൂല പ്രവചനമാണ് നൽകുന്നത്. ഇതോടെ പാർട്ടി രാഷ്ട്രീയമായി നിർണായക ശക്തിയായി മാറുമെന്ന വിലയിരുത്തലുകളും ശക്തമായി.

ഡിഎംകെ സഖ്യകക്ഷിയായ എംഡിഎംകെ നേതാവ് വൈകോ വിജയ്‌യെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ടിവികെ വലിയ രാഷ്ട്രീയ ശക്തിയായി ഉയരുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എങ്കിലും ഭൂരിഭാഗം സർവേകളും ഡിഎംകെ വീണ്ടും അധികാരത്തിൽ വരാനാണ് സാധ്യത കൽപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *