ആനക്കലിയിൽ ഇന്ന് പൊലിഞ്ഞത് രണ്ട് ജീവനുകൾ

കൊച്ചി: സംസ്ഥാനത്ത് ആനക്കലിയിൽ ഇന്ന് രണ്ട് പേർക്ക് ദാരുണാന്ത്യം. അങ്കമാലി കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലുമാണ് ആനകൾ ഇടഞ്ഞത്. ഉത്സവത്തിനെത്തിച്ച ആനകളാണ് അപ്രതീക്ഷിതമായി രണ്ടുപേരുടെ ജീവനെടുത്തത്.

ഇരിഞ്ഞാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടയുകയും രണ്ടാം പാപ്പാനെ ചവിട്ടിക്കൊല്ലുകയും ചെയ്തു. ഇരുപത്തിയഞ്ചുകാരനായ ശ്രീക്കുട്ടനാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒന്നാം പാപ്പാൻ അമൽ (28) ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ‘വാഴ്വാടി കാശിനാഥൻ’ എന്ന ആനയാണ് ഇടഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന വിളക്കെഴുന്നള്ളിപ്പിന് ഇതേ ആന ഇടയുകയും കൂടെ ഉണ്ടായിരുന്ന രണ്ടുപേരെ അക്രമിക്കുകകയും ചെയ്തിരുന്നു.

ശേഷം ആനയെ ദേവസ്വം പറമ്പിൽ തളച്ചിരിക്കുകയായിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ ആന വീണ്ടും അക്രമസക്തനാവുകയും തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നെഞ്ചിൽ ചവിട്ടേറ്റ രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ മരണപ്പെട്ടു.എറണാകുളം അങ്കമാലി കിടങ്ങൂരിലാണ് രണ്ടാമത്തെ സംഭവം. വിരണ്ടോടിയ ആന ഒരാളെ ചവിട്ടിക്കൊല്ലുകയായിരുന്നു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ പത്തനംതിട്ട സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്.

മണിക്കൂറുകളോളം ഭീതിപരത്തിയ മയ്യനാട് അരുണിമ പാർത്ഥസാരഥി എന്ന ആന ആക്രമണത്തിനു ശേഷം വിഷ്ണുവിനരികിൽ തുട‌ർന്നതിനാൽ ഏറെ സമയം കഴിഞ്ഞാണ് മൃതദേഹം അവിടെ നിന്നുമാറ്റിയത്. ആനയുടെ കൊമ്പിന്റെ പരിക്ക് ഫോട്ടോ എടുത്ത് ഉടമയ്ക്ക് അയക്കാൻ തുടങ്ങുമ്പോഴാണ് വിഷ്ണുവിനെ ആക്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. രണ്ടാം പാപ്പാൻ പ്രദീപിനെ ഗുരുതര പരിക്കുകളോടെ അങ്കമാലി ഈസ്റ്റ് ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നട്ടെല്ലിന് പരിക്കേറ്റ ഇയാൾ ഐസിയുവിലാണ്. പ്രദീപിന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. സമീപത്തെ സുബ്രഹ്മണ്യക്ഷേത്രത്തിലെ എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനയെ കുളിപ്പിച്ചതിനുശേഷം കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ തൊഴാനായി എത്തിച്ചപ്പോഴാണ് വിരണ്ടോടിയത്. നാല് മണിക്കൂർ ജനവാസമേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ച ആനയെ ആർആർടി സംഘമെത്തി മയക്കുവെടി വച്ചാണ് തളച്ചത്. പ്രദേശത്തെ കാറും ബൈക്കുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ ആന തകർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *