അണ്ടര്‍ 19 ലോകകപ്പ്: പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇന്ത്യ സെമിഫൈനലില്‍

ബുലവായോ(സിംബാബ്‌വെ): അണ്ടര്‍ 19 ലോകകപ്പിലെ സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടി. അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ സെമിയിലെ എതിരാളികള്‍. മറ്റൊരു സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും. ബുലവായോയില്‍ 58 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. 253 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന്റെ മറുപടി 46.2 ഓവറില്‍ 194 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യയുടെ കനിഷ്‌ക് ചൗഹാന്‍ ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് ഭേദപ്പെട്ട തുടക്കം ലഭിച്ചതിന് ശേഷമായിരുന്നു തകര്‍ന്നടിഞ്ഞത്. 151ന് രണ്ട് എന്ന നിലയില്‍ അനായാസ ജയത്തിലേക്ക് നീങ്ങുകയായിരുന്നു അവര്‍. 66(92) റണ്‍സ് നേടിയ ഉസ്മാന്‍ ഖാന്‍ ആണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഹംസ സഹൂര്‍ 42(49), ക്യാപ്റ്റന്‍ ഫര്‍ഹാന്‍ യൂസഫ് 38(39) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി. പിന്നീട് വന്നവരില്‍ 14 റണ്‍സ് നേടിയ ഹുസെയ്ഫ അഹ്‌സാന്‍ മാത്രമാണ് രണ്ടക്കം കടന്നത്.

ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ ആയുഷ് മാത്രെ, ഖിലന്‍ പട്ടേല്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ആര്‍എസ് അംബരീഷ്, ഹെനില്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍, വിഹാന്‍ മല്‍ഹോത്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 252 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. വേദാന്ത് ത്രിവേദി 68(98) ആണ് ടോപ് സ്‌കോറര്‍. മലയാളി താരം ആരണ്‍ ജോര്‍ജ് 16(25) റണ്‍സ് നേടി പുറത്തായി. സൂപ്പര്‍താരം വൈഭവ് സൂര്യവംശി 30(22), കനിഷ്‌ക് ചൗഹാന്‍ 35(29), ആര്‍എസ് അംബരീഷ് 29(38) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി

Related Articles

Leave a Reply

Your email address will not be published. Required fields are marked *