10,000 രൂപ ശമ്പളമുള്ള യുവാവിന്റെ അക്കൗണ്ടിൽ 10,000 കോടി രൂപ! ബാങ്കിലെത്തിയ യുവാവിനെ കാത്തിരുന്നത് അപ്രതീക്ഷിത സംഭവം

പ്രതിമാസം 10,000 രൂപ ശമ്പളം വാങ്ങുന്ന 22 വയസ്സുകാരൻ, തന്റെ അക്കൗണ്ടിൽ പെട്ടെന്ന് 1,00,00,00,00,000 (10,000 കോടി) രൂപ കണ്ടാൽ എന്തുചെയ്യും? ആദ്യമൊന്ന് ഞെട്ടും. പിന്നെ എന്താണ് സത്യാവസ്ഥ അന്വേഷിക്കാൻ ഇറങ്ങും. ഇപ്പോഴിതാ അങ്ങനെയൊരു സംഭവമാണ് രാജസ്ഥാനിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ 10,000 കോടി രൂപ നിക്ഷേപിക്കപ്പെട്ടതായും, തുടർന്ന് ‘ലിൻ’ (lien) മുഖേന അക്കൗണ്ട് ഉടൻ തന്നെ മരവിപ്പിച്ചതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാജസ്ഥാനിലെ സിക്കാറിലുള്ള ഒരു മെഡിക്കൽ സ്റ്റോർ ജീവനക്കാരന്റെ അക്കൗണ്ടിലേക്കാണ് ഇത്രയും തുക എത്തിയത്. അക്കൗണ്ട് മരവിപ്പിച്ചതോടെ അദ്ദേഹത്തിന്റേതായുണ്ടായിരുന്ന 55,000 രൂപയുടെ ബാങ്ക് ബാലൻസും ഉപയോഗിക്കാൻ കഴിയാതായി. സിക്കാറിലെ സാലാസർ ബസ് സ്റ്റാൻഡിന് സമീപമുള്ള ‘നിർമൽ മെഡിക്കൽ പോയിന്റിൽ’ ജോലി ചെയ്യുന്ന സമീർ ഖാൻ ബുധനാഴ്ച തന്റെ മൊബൈൽ നമ്പർ റീച്ചാർജ് ചെയ്യുന്നതിനായി ബാലൻസ് പരിശോധിച്ചപ്പോഴാണ് ഇത്രയും തുക കണ്ടത്.
ബാങ്കിംഗ് ആപ്പ് തുറന്ന് പിൻ നമ്പർ നൽകിയപ്പോൾ ബാലൻസ് പൂജ്യമാണെന്ന് കണ്ടു. കൂടുതൽ പരിശോധിച്ചപ്പോഴാണ് തന്റെ അക്കൗണ്ടിൽ 10,000 കോടിയിലധികം രൂപയുടെ ലിൻ (തടഞ്ഞുവയ്ക്കൽ) ഏർപ്പെടുത്തിയതായി കണ്ടെത്തിയത്.ഉടൻ തന്നെ അദ്ദേഹം വിവരം തന്റെ തൊഴിലുടമയായ ധീരജ് ശർമ്മയെ അറിയിക്കുകയും തുടർന്ന് ഇരുവരും സിക്കാർ സൈബർ പൊലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തു. ബാങ്കുമായി നേരിട്ട് ബന്ധപ്പെടാനാണ് പൊലീസ് അവരോട് നിർദ്ദേശിച്ചത്. തുടർന്ന് ബാങ്കുമായി സംസാരിച്ചപ്പോൾ സാങ്കേതിക തകരാറ് മൂലമാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന് ബാങ്ക് വ്യക്തമാക്കുകയായിരുന്നു.
തുടർന്ന് ബാങ്ക് സാങ്കേതിക തകരാർ പരിഹരിക്കുകയും അദ്ദേഹത്തിന്റെ യഥാർത്ഥ ബാലൻസ് ഉപയോഗിക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്തു.”എന്റെ അക്കൗണ്ടിലുണ്ടായിരുന്ന ബാലൻസ് ഏകദേശം 55,000 രൂപയായിരുന്നു. എന്നാൽ അക്കൗണ്ടിൽ 10,000 കോടി രൂപയുടെ ലിൻ ഉള്ളതായി കണ്ടെത്തി. തന്റെ സേവിംഗ്സ് പണം പോലും ഉപയോഗിക്കാൻ എനിക്ക് കഴിഞ്ഞില്ല. പിന്നാലെ പൊലീസിനെ സമീപിക്കുകയും ബാങ്കുമായി സംസാരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.”- സമീർ ഖാൻ പറഞ്ഞു.ജനുവരി മുതൽ ഖാൻ എന്നോടൊപ്പമാണ് ജോലി ചെയ്യുന്നുണ്ടെന്നും 10,000 രൂപയാണ് അദ്ദേഹത്തിന്റെ ശമ്പളമെന്നും തൊഴിലുടമ ധീരജ് ശർമ്മ പറഞ്ഞു.



